പൊതു ടാപ്പുകൾക്ക് കൂട്ടിയത് മൂന്നിരട്ടി; വാട്ടർ ചാർജ് വർധന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇരുട്ടടി

Share to

Perinthalmanna Radio
Date: 15-02-2023

പൊതു ടാപ്പുകൾക്കു ജല അതോറിറ്റി വാട്ടർ ചാർജ് വർധിപ്പിച്ചതു മൂന്നിരട്ടി വരെ. പൊതു ടാപ്പുകൾക്കു തദ്ദേശ സ്ഥാപനങ്ങളാണു ചാർജ് അടയ്ക്കേണ്ടതെന്നതിനാൽ അവ വൻതോതിൽ അധിക ഫണ്ട് കണ്ടെത്തേണ്ടി വരും. ഓരോ പൊതു ടാപ്പിനും പഞ്ചായത്തുകൾ ഏകദേശം 15,000 രൂപയും നഗരസഭകളും കോർപറേഷനുകളും ഏകദേശം 22,000 രൂപയും വാർഷികമായി നൽകണമെന്ന തരത്തിലാണു ചാർജ് പരിഷ്കരണം.

സംസ്ഥാനത്തെ രണ്ടു ലക്ഷത്തിൽ പരം പൊതു ടാപ്പുകൾക്കായി ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് പ്രതിവർഷം 334.05 കോടി രൂപയാണു ജല അതോറിറ്റിക്ക് ഇനി നൽകേണ്ടി വരിക. 2021ൽ 120 കോടി രൂപ ചെലവായിരുന്ന സ്ഥാനത്താണിത്. ഓരോ മാസവും തുക മുൻകൂട്ടി നൽകണം.

ഈ സാമ്പത്തിക വർഷത്തെ ചെലവു പോലും താളം തെറ്റുന്ന സ്ഥിതിയാണ്. സാധാരണ പഞ്ചായത്തിൽ പോലും 100 മുതൽ 200 വരെ പൊതു ടാപ്പുകൾ ഉണ്ടാകും. തനതു വരുമാനത്തിൽ നിന്നോ പദ്ധതി വിഹിതത്തിൽ നിന്നോ ആണു ഫണ്ട് കണ്ടെത്തുന്നത്. ഇവ രണ്ടും കുറവായ പഞ്ചായത്തുകളുടെ കാര്യം പ്രതിസന്ധിയാണ്. ചെലവു ചുരുക്കുന്നതിനു പൊതു ടാപ്പുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നിർബന്ധിതമാകുന്നതോടെ ദരിദ്രവിഭാഗങ്ങൾക്കു ശുദ്ധജല ലഭ്യത വെല്ലുവിളിയാകും.

സംസ്ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം (കേരള വാട്ടർ അതോറിറ്റിയുടെ കണക്ക്)

941 പഞ്ചായത്തുകളിൽ 1,54,762

87 നഗരസഭകളിൽ 30,863

6 കോർപറേഷനുകളിൽ 18,926

ജല അതോറിറ്റിയുടെ ഒരു പൊതുടാപ്പിനുള്ള വാർഷിക നിരക്കുകൾ ഏപ്രിൽ 2021

പഞ്ചായത്തുകളിൽ 5250 രൂപ

നഗരപ്രദേശങ്ങളിൽ 7884 രൂപ

ഫെബ്രുവരി 2023_

പഞ്ചായത്തുകളിൽ 14,559.12 രൂപ

നഗരപ്രദേശങ്ങളിൽ 21,838.68 രൂപ
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *