Perinthalmanna Radio
Date: 13-11-2022
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്. ഗോവ നാലാമതാണ് അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുണ്ട് അവര്‍ക്ക്.
ആദ്യപകുതി ഗോള്‍രഹിതമായി പിരിയുമെന്ന് തോന്നിച്ചപ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 43-ാം മിനിറ്റിലായിരുന്നു ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഗോള്‍. ബോക്‌സില്‍ നിന്ന് സഹല്‍ അബ്ദു സമദ് നല്‍കിയ പാസാണ് ഗോളില്‍ അവസാനിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മഞ്ഞപ്പട രണ്ടാം ഗോളും നേടി. ഇത്തവണ പെനാല്‍റ്റിയാണ് ഗോളായി മാറിയത്. അന്‍വര്‍ അലിയുടെ ഫൗളാണ് ഗോളില്‍ അവസാനിച്ചത്.
ലൂണ നല്‍കിയ ത്രൂബോള്‍ സഹല്‍ പിടിച്ചെടുത്തു. പിന്നീട് ബോക്‌സിലേക്ക് ദിമിത്രിയോസിനെ ലക്ഷ്യമാക്കി നിലംപറ്റെയുള്ള ക്രോസ്. എന്നാല്‍ ദിമിത്രിയോസില്‍ നിന്ന് പന്ത് അടിച്ചകറ്റാനുള്ള ശ്രമം ഫൗളില്‍ അവസാനിക്കുകയായിരുന്നു. പെനാല്‍റ്റി കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ഗോവന്‍ ഗോള്‍ കീപ്പറെ കാഴ്ച്ചകാരനാക്കി ദിമിത്രിയോസ് വല കുലുക്കി. 52-ാം മിനിറ്റില്‍ കല്‍യൂഷ്‌നി ലീഡ് മൂന്നാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ട് ധീരജിനെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു.
67-ാം മിനിറ്റില്‍ ഗോവ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു ഹെഡ്ഡറിലൂടെയാണ് നോഹ് ഗോള്‍ നേടിയത്. സെരിറ്റണ്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നോഹ് തലവെക്കുകയായിരുന്നു. ഐഎസ്എല്ലില്‍ 17നാണ് ഇനി അടുത്ത മത്സരം. അന്ന് മുംബൈ സിറ്റി എഫ്‌സി എവേ ഗ്രൗണ്ടില്‍ ബംഗളൂരു എഫ്‌സിയെ നേരിടും.