Perinthalmanna Radio
Date:02-12-2022
കൊച്ചി: ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ അടിന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് ഇറങ്ങാന്‍ കഴിയാതെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
നിലവില്‍ യാത്രിക്കാരെല്ലാം സൂരക്ഷിതരാണ്. അടിയന്തര ലാന്‍ഡിങ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജീവനക്കാരടക്കം 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ നല്‍കിയ ജാഗ്രത നിര്‍ദേശം പിന്‍വലിച്ചു.
ഒന്നില്‍ കൂടുതല്‍ തവണ വിമാനം കോഴിക്കോട് നിലത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.
തുടര്‍ന്ന് വൈകീട്ട് ആറരയോടെ കൊച്ചി വിമാനത്താവളത്തില്‍ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആശുപത്രികളില്‍ ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശവും നല്‍കി. 7.19ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാനായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട് എത്തിക്കുമെന്നാണ് വിവരം.
അടിയന്തര സാഹചര്യം നേരിടാന്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണസജ്ജമായിരുന്നെന്ന് സിയാല്‍ എം.ഡി. എസ്. സുഹാസ് പറഞ്ഞു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിയന്തര ലാന്‍ഡിങിനായി കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മറ്റു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഇത്തരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചാരിച്ച വിമാനം കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ