എം.എസ്.പി. മ്യൂസിയത്തിലേക്ക് ഇനി പൊതു ജനങ്ങൾക്കും കയറാം

Share to

മലപ്പുറം: എം.എസ്.പി. ശതാബ്ദി പോലീസ് മ്യൂസിയത്തിൽ ഇനി പൊതുജനങ്ങൾക്കും കയറാം.

അപൂർവ ചരിത്ര ശേഖരങ്ങൾ മ്യൂസിയത്തിലുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കു പോകുന്ന റോഡിൽനിന്നാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശനകവാടം.

ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ജൂൺ 16-ന് മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നീണ്ടത്.

ഇവിടെ സൂക്ഷിച്ചിരിക്കുന്ന അപൂർവരേഖകളും ഭൂപടങ്ങളും ഗവേഷണവിദ്യാർഥികൾക്ക് ഉപകാരപ്പെടും. ബ്രിട്ടീഷ് രാജവംശകാലത്തെ ഉത്തരവുകൾ, വൈദ്യശാസ്ത്രം, നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ ഇതിൽപ്പെടും. പുരാതനകാലം മുതലുള്ള ഇരുന്നൂറോളം ഭൂപടങ്ങളുണ്ട് മ്യൂസിയത്തിൽ.

പഴയ മലബാർ, തിരുവിതാംകൂർ, കൊച്ചി, കർണാടക, തമിഴ്നാടിന്റെ ഭാഗങ്ങൾ, ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങൾ തുടങ്ങിയവയുടെ ഭൂപ്രകൃതി സൂക്ഷ്‌മമായി രേഖപ്പെടുത്തിയവയാണ് ഭൂപടങ്ങൾ

•ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്ന രാസായുധം

•177 വർഷം പഴക്കമുളള മെട്രാണമി എന്ന സമയമാപിനി

•ആയുധം മൂർച്ചകൂട്ടുന്നതിനായി ഉപയോഗിച്ചിരുന്ന ബ്രിട്ടീഷ് നിർമിത ഉല

•സ്വീഡനിൽനിന്ന് ഇറക്കുമതിചെയ്ത 120 വർഷത്തിലേറെ പഴക്കമുള്ള പുല്ലുവെട്ടി

•ബ്രിട്ടീഷ് നിർമിത അണുനശീകരണയന്ത്രം

•ബെൽജിയം ഗ്ലാസിൽ നിർമിച്ച പഴക്കമുള്ള ബോട്ടിൽ

•നൂറുവർഷത്തോളം പഴക്കമുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ

•ആസിഡ് പ്രൂഫായ പാത്രം

•എം.എസ്.പി.ക്ക് മാത്രമായി രൂപകല്പനചെയ്ത കത്തി

ഇവയെല്ലാം ഇവിടെ കാണാം.

രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവേശനം. പൊതു ജനങ്ങൾക്ക് 10 രൂപയും വിദ്യാർഥികൾക്ക് അഞ്ചു രൂപയുമാണ് നിരക്ക്. തിങ്കളാഴ്‌ച അവധിയാണ്

Share to