
Perinthalmanna Radio
Date: 09-09-2025
പെരിന്തൽമണ്ണ : പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പഴുതടച്ച അന്വേഷണം നടത്തി പ്രവാസിയെ പ്രതികളിൽനിന്ന് മോചിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അനുമോദിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എ. പ്രേംജിത്ത്, കരുവാരക്കുണ്ട് ഇൻസ്പെക്ടർ വി.എം. ജയൻ, മേലാറ്റൂർ ഇൻസ്പെക്ടർ എ.സി. മനോജ്കുമാർ, മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ്. കാരാൺമയിൽ എന്നിവർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമൻറേഷൻ പത്രവും മുപ്പതോളം വരുന്ന അന്വേഷണസംഘത്തിലെ മറ്റുള്ളവർക്ക് അനുമോദനപത്രവും നൽകി. സംസ്ഥാന പോലീസ് മേധാവി മലപ്പുറം ജില്ലാ പോലീസ് ഓഫീസിൽ നേരിട്ട് എത്തിയാണ് അഭിനന്ദിച്ചത്.
പ്രവാസി വ്യവസായിയെ പാണ്ടിക്കാടുനിന്ന് തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചയുടൻതന്നെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് പാണ്ടിക്കാട് സ്റ്റേഷനിൽ ക്യാമ്പ് ചെയ്ത് അന്വേഷണത്തിനു വേണ്ട മേൽനോട്ടം വഹിച്ചു. പെരിന്തൽമണ്ണ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രേംജിത്തിന്റെയും മങ്കട, മേലാറ്റൂർ, കരുവാരക്കുണ്ട് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ആദ്യഘട്ടത്തിൽ സൂചനകളൊന്നും ലഭിക്കാതിരുന്ന കേസിൽ തട്ടിക്കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വീട്ടുകാരിൽനിന്നും കൂടെ ജോലി ചെയ്യുന്നവരിൽനിന്നും ലഭിച്ച സൂചനകളും തുമ്പായി.
കൂടാതെ തട്ടിക്കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും ഒരു സംഘം അന്വേഷിച്ചു. ചാവക്കാട് കേന്ദ്രീകരിച്ചുള്ള സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിൽ തട്ടിക്കൊണ്ടുപോയ സംഘം ജില്ല വിട്ടതായും കൊല്ലം ഭാഗത്തുള്ള രഹസ്യ കേന്ദ്രത്തിലുള്ളതായും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയാണെന്നും വിവരം ലഭിച്ചു.
തുടർന്ന് പ്രത്യേക അന്വേഷണസംഘം പുനലൂർ- തെൻമല റൂട്ടിൽ വെച്ച് പ്രതികളുടെ വാഹനം തടഞ്ഞ് ഷമീറിനെ മോചിപ്പിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
