Perinthalmanna Radio
Date: 03-11-2022
പട്ടിക്കാട്: റോഡുപണി പാതിവഴിയിൽ നിലച്ചതോടെ ഗ്രാമീണപാതയിൽ യാത്രാദുരിതം ഇരട്ടിയായി. വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പീടീകപ്പടി മുതൽ പച്ചീരിപ്പാറ വരെയുള്ള 3.8 കിലോമീറ്റർ ദൂരമാണ് അധികൃതരുടെ അനാസ്ഥകാരണം പണി പൂർത്തീകരിക്കാനാകാതെ കിടക്കുന്നത്. രണ്ടുമാസംകൂടി മാത്രമേ പ്രവൃത്തിക്ക് കാലാവധിയുള്ളൂ. ഇതിനകം മുഴുവൻ പണിയും പൂർത്തീകരിക്കണമെന്നാണ് നിർദേശം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന പാതയുടെ പദ്ധതിനടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ്. 2.54 കോടി ചെലവിൽ നിർമിക്കുന്ന പാതയിൽ ഓവുപാലങ്ങളുടെ പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഏഴ് കലുങ്കുകളാണ് നിർമിക്കേണ്ടത്.
ഓവുപാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലത്ത് സൂചനാബോർഡുകൾ സ്ഥാപിക്കാത്തതിനാൽ റോഡിൽ കുഴിച്ച ഗർത്തത്തിൽ വീണ് യുവാവ് മരിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഓവുപാലങ്ങളുടെ നിർമാണം പൂർത്തീകരിച്ച് പാത താത്കാലികമായി തുറന്നുകൊടുത്തു. എന്നാൽ ഇതുവരെ ടാറിങ് അടക്കമുള്ള പ്രവൃത്തികളൊന്നും നടന്നിട്ടില്ല.
മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന പാത തകർന്ന് വാഹനയാത്രക്കാർക്ക് ദുരിതമായിട്ടുണ്ട്. മഴപെയ്ത് കുഴികളിൽ വെള്ളംനിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡുപണി ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.