ഷൊർണൂർ- നിലമ്പൂർ മെമു സർവീസ് ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല

Share to


Perinthalmanna Radio
Date: 22-06-2025

പെരിന്തൽമണ്ണ : ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രികാല യാത്രക്കാർ ദുരിതം അനുഭവിക്കുമ്പോൾ പാതയിലെ നിർദിഷ്‌ട രാത്രികാല മെമു സർവീസ് മാസങ്ങളായി ഫ്രീസറിൽ. വിജയകരമായി ട്രയൽ റൺ നടത്തിയത് ഉൾപ്പെടെ എല്ലാ മുന്നൊരുക്കങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കി റെയിൽവേ ബോർഡിന്റെ തീരുമാനം കാത്ത് കിടക്കുകയാണ് മെമു സർവീസ്. ഇത് സംബന്ധിച്ച് യാത്രക്കാരുടെ പ്രതീക്ഷ അസ്‌തമിച്ച മട്ടാണ്.

റെയിൽവേയുടെ അവഗണനയ്‌ക്കൊപ്പം സംസ്ഥാന സർക്കാരും ട്രെയിൻ യാത്രക്കാരുടെ ദുരിതം കണ്ടറിയുന്നില്ല. രാത്രികാല യാത്രാപ്രശ്‌നം പരിഹരിക്കാൻ ഷൊർണൂരിൽ നിന്ന് പെരിന്തൽമണ്ണ–നിലമ്പൂർ ഭാഗത്തേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചാലും ഏറെ ആശ്വാസമാകും. ഈ ആവശ്യവും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. രാത്രി ആലപ്പുഴ–കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനും 8.30നുള്ള തിരുവനന്തപുരം–ഷൊർണൂർ വന്ദേഭാരത് എക്‌സ്പ്രസും 8.40നുള്ള എറണാകുളം–ഷൊർണൂർ മെമുവും 9.10നുള്ള തിരുവനന്തപുരം –ഷൊർണൂർ ജനശതാബ്ദി എക്‌സ്‌പ്രസുമെല്ലാം 8.15ന് അവസാന നിലമ്പൂർ ട്രെയിൻ പുറപ്പെട്ട ശേഷം ഒരു മണിക്കൂറിനുള്ളിലായി ഷൊർണൂരിൽ എത്തുന്ന ട്രെയിനുകളാണ്. ഇവയിലെല്ലാം നിലമ്പൂർ ഭാഗത്തേക്കുള്ള നൂറുകണക്കിന് യാത്രക്കാരുമുണ്ട്. പലരും ഷൊർണൂർ റെയിൽവേ സ്‌റ്റേഷനിൽ വിശ്രമിച്ച് പുലർച്ചെ രാജ്യറാണിക്ക് മടങ്ങാറാണ് പതിവ്. അതല്ലെങ്കിൽ ടാക്‌സി വാഹനത്തിലോ കിട്ടുന്ന വാഹനങ്ങളിലോ കയറി യാത്ര തുടരും. 9.15 നോ 9.30 നോ പെരിന്തൽമണ്ണ, നിലമ്പൂർ ഭാഗത്തേക്ക് ഷൊർണൂരിൽനിന്ന് കെഎസ്ആർടിസി ബസ് അനുവദിച്ചാൽ യാത്രക്കാർക്ക് പ്രതിസന്ധി മറികടക്കാനാകും. ഈ സമയം ഒട്ടേറെ സ്ഥിരം യാത്രക്കാർ ഉള്ളതിനാൽ ലാഭത്തിൽ സർവീസ് മുന്നോട്ടു കൊണ്ടു പോകാനും സാധിക്കും.

അതല്ലെങ്കിൽ രാത്രിയിലുള്ള തൃശൂർ–നിലമ്പൂർ കെഎസ്ആർടിസി സർവീസോ തിരുവനന്തപുരം–മലപ്പുറം സർവീസോ സമയം ക്രമീകരിച്ചാലും മതി. തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്‌റ്റേഷനിൽ നിന്ന് പുലർച്ചെ രാജ്യറാണി ട്രെയിൻ സർവീസ് എത്തുമ്പോൾ സമാന രീതിയിൽ തിരുവനന്തപുരം നഗരത്തിലേക്ക് ബസ് സൗകര്യം ഉണ്ട്. ട്രെയിൻ യാത്രക്കാർക്കായി ഷൊർണൂരിൽനിന്ന് പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം, നിലമ്പൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷൊർണൂർ–നിലമ്പൂർ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷിജു എം.സാമുവൽ കെഎസ്ആർടിസി അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.

ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ അത്യാധുനിക സംവിധാനങ്ങളോടെ വൈദ്യുതീകരണം പൂർത്തിയാക്കിയപ്പോൾ യാത്രക്കാർ വലിയ പ്രതീക്ഷയിലായിരുന്നു. എക്‌സ്പ്രസ് ട്രെയിനുകൾക്ക് യോജ്യമായ രീതിയിൽ ഹാൾട്ട് സ്‌റ്റേഷനുകളിലുൾപ്പെടെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടലും നവീകരണവും പൂർത്തിയാക്കിയത് പ്രതീക്ഷകൾക്ക് ആക്കം കൂട്ടി. എറണാകുളം–ഷൊർണൂർ മെമു സർവീസ് രാത്രി നിലമ്പൂരിലേക്ക് നീട്ടുമെന്നായിരുന്നു വാഗ്ദാനം. ഇതിനു വേണ്ടി വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ 12 കാർ മെമു സർവീസിന് ആവശ്യമായ പ്ലാറ്റ്ഫോം സൗകര്യവും ഒരുക്കി. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയാണ് ഫെബ്രുവരി 16ന് രാത്രി വിജയകരമായി ട്രയൽ റൺ നടത്തിയത്. റെയിൽവേ ബോർഡ് തികഞ്ഞ അവഗണനയാണ് ഇക്കാര്യത്തിൽ പുലർത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *