
Perinthalmanna Radio
Date: 01-01-2026
പെരിന്തൽമണ്ണ : ജില്ലയിലെ ആരോഗ്യ മേഖലയിൽ ജില്ലാ–താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളജിലുമായി 470 തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുമ്പോൾ കഴിഞ്ഞ വർഷം സർക്കാർ സ്ഥിരം നിയമനം നൽകിയത് 153 പേർക്ക് മാത്രമെന്ന് വിവരം.
ഇതിനു പുറമേ താൽക്കാലിക അടിസ്ഥാനത്തിൽ 96 പേരെയും നിയമിച്ചു. ഇതോടെ വലിയൊരു വിഭാഗവും താൽക്കാലിക ജീവനക്കാരാണ് ഇപ്പോഴുള്ളത്.
മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രം പ്രഫസർ(1), അസോഷ്യേറ്റ് പ്രഫസർ(3), അസി.പ്രഫസർ(9), സിഎസ്ആർ ടെക്നീഷ്യൻ(1), സീനിയർ റെസിഡന്റ്സ്(5), ജൂനിയർ റെസിഡന്റ്സ്(14) എന്നിങ്ങനെ 33 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ജില്ലാ–താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി അസി.സർജന്മാരുടെ 6 തസ്തികകളും കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരുടെ 4 തസ്തികകളും 25 ഓളം ഡോക്ടർമാരുടെ തസ്തികകളും ഉൾപ്പെടെ 437 തസ്തികകളാണ് ആകെ ഒഴിഞ്ഞു കിടക്കുന്നത്. ഇതിനു പകരമായി വളരെ കുറച്ച് താൽക്കാലിക ജീവനക്കാരെയാണ് കഴിഞ്ഞ വർഷം നിയമിച്ചത്.
2025ൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജില്ലയിൽ ആരോഗ്യ മേഖലയിൽ നിയമനം നൽകിയത് 22 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്(ഗ്രേഡ് 2) തസ്തികയിൽ മാത്രമാണ്. മഞ്ചേരി ജനറൽ ആശുപത്രിയിൽ 6 പേരുൾപ്പെടെ 24 ഡോക്ടർമാർ താൽക്കാലിക നിയമനമാണ്.
ജില്ലയിൽ ജോലി ചെയ്യുന്ന 12 നഴ്സിങ് ഓഫിസർമാരും 76 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരും നിലവിൽ താൽക്കാലികക്കാരാണ്.
29 സ്വീപ്പർമാരും 53 അറ്റൻഡർമാരും(ഗ്രേഡ് 2) താൽക്കാലിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ്. ഒരു ഫാർമസിസ്റ്റും 11 ലാബ് ടെക്നീഷ്യന്മാരും ദിവസ വേതനക്കാരാണ്.
ഇതിനു പുറമേ മഞ്ചേരി മെഡിക്കൽ കോളജിൽ 18 തസ്തികകളിൽ താൽക്കാലിക ജീവനക്കാരേയുള്ളൂ. ഇവിടെ കഴിഞ്ഞ വർഷം 13 തസ്തികകളിൽ മാത്രമാണ് സ്ഥിരം നിയമനം നടന്നത്. 54 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ അഡ്ഹോക്ക് അടിസ്ഥാനത്തിലും 22 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ (ഗ്രേഡ് 2) എംപ്ലോയ്മെന്റ് മുഖേനയും താൽക്കാലികമായി നിയമിച്ചു.
2 ഹൗസ് കീപ്പർമാരെ താൽക്കാലിക അടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ട്. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് കൂടുതൽ നഴ്സിങ് ഓഫിസർമാർ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.
ആരോഗ്യ വകുപ്പിൽ വിവിധ റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ടെങ്കിലും നിയമനത്തിനുള്ള നടപടി ക്രമങ്ങൾക്കും വേഗം പോര.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
