തപാൽ ബാലറ്റുകളടങ്ങിയ പെട്ടി കാണാതായ സംഭവം  ട്രഷറി ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ തീരുമാനം

Share to

Perinthalmanna Radio
Date: 01-02-2024

പെരിന്തൽമണ്ണ : നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ അടങ്ങുന്ന പെട്ടി കാണാതായ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന സബ്ട്രഷറി ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ തീരുമാനം.

പെരിന്തൽമണ്ണ സബ്ട്രഷറി ഓഫീസർ എൻ. സതീഷ്‌കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്. രാജീവ് എന്നിവരെയാണ് 2023 ജനുവരി 16-നുണ്ടായ സംഭവത്തെത്തുടർന്ന് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നത്.

സസ്‌പെൻഷനിൽ നിർത്താവുന്ന കാലാവധി പൂർത്തിയായതിനാലാണ് തിരിച്ചെടുക്കാനുള്ള തീരുമാനം. ഉത്തരവുകൾ ഇറങ്ങിയിട്ടില്ല. ഉദ്യോഗസ്ഥരെ തിരിച്ചെടുത്താലും കേസ് നടപടികൾ തുടരും. ആ നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും മറ്റു നടപടികളെന്നാണ് വിവരം.

പെരിന്തൽമണ്ണ സബ്ട്രഷറി സ്‌ട്രോങ്റൂമിൽ സൂക്ഷിച്ചിരുന്ന പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് സാമഗ്രികൾ ഏറ്റുവാങ്ങി നശിപ്പിക്കാനായി സഹകരണവകുപ്പ് ഉദ്യോഗസ്ഥൻ വന്നപ്പോൾ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിന്റെ രേഖകൾ അടങ്ങിയ പെട്ടി കൊടുത്തതാണ് പ്രശ്‌നമായത്.

അന്ന് സ്‌ട്രോങ്‌റൂമിന്റെ ചുമതല ഈ ഉദ്യോഗസ്ഥർക്കായിരുന്നു. ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കേസ് നടക്കുന്ന വേളയിൽ കോടതി ആവശ്യപ്പെട്ട രേഖകളായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.

ഇത് ഹൈക്കോടതിയിലേക്ക് കൊണ്ടുപോകാനായി നോക്കുമ്പോഴാണ് പെട്ടി കാണാതായ വിവരമറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ അതേ ദിവസം ഉച്ചതിരിഞ്ഞ് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ തുറന്നതും കേടുവന്നതുമായ നിലയിൽ പെട്ടി കണ്ടെത്തുകയായിരുന്നു.

ട്രഷറി ഉദ്യോഗസ്ഥർക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി മധ്യമേഖലാ ഡെപ്യൂട്ടി ട്രഷറി ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. തപാൽ ബാലറ്റ് അടക്കമുള്ള രേഖകളടങ്ങിയ പെട്ടി ട്രഷറിയിൽനിന്നു കാണാതായ സംഭവം അതിഗൗരവതരമെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.

നജീബ് കാന്തപുരം എം.എൽ.എ.യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിർസ്ഥാനാർഥിയായിരുന്ന ഇടതുസ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. 38 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *