തൂത പാലത്തിന് സമാന്തരമായി പുതിയ പാലം നിർമാണം തുടങ്ങി

Share to

Perinthalmanna Radio
Date: 01-02-2025

തൂത : പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി സംസ്ഥാന പാതയിലെ തൂത പാലത്തിനു സമാന്തരമായി പുതിയ പാലം നിർമാണം തുടങ്ങി. തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയായി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ജില്ലാ അതിർത്തിയിലെ തൂതപ്പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നത്. നിലവിലെ പാലത്തിന്റെ അത്രത്തന്നെ ഉയരത്തിൽ 10 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. നൂറു മീറ്ററിലധികം നീളവും രണ്ടു വശങ്ങളിലും ഒരു മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. തൂതപ്പുഴയിലേക്ക് യന്ത്രങ്ങളും വാഹനങ്ങളും ഇറക്കുന്നതിനുള്ള താത്കാലിക റോഡിന്റെ നിർമാണം പുരോഗമിക്കുകയാണ്. പുഴയിലെ വെള്ളം മണ്ണും കല്ലും ഉപയോഗിച്ച്‌ കെട്ടി ഒരു ഭാഗത്തിലെ ഓവുകളിലൂടെ ഒഴുക്കിവിട്ടിട്ടുണ്ട്. പാലത്തിന്റെ തൂണുകളുറപ്പിക്കുന്ന പാറകൾ നിരപ്പാക്കി അടിത്തറ തയ്യാറാക്കുന്ന പണി പുരോഗമിക്കുകയാണ്.

മേയ് മാസത്തിൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് പാലം നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് 1935-ൽ പാലാട്ട് കമ്പനി നിർമിച്ചതാണ് നിലവിലെ പാലം. 90 വർഷം പഴക്കമുള്ള പാലത്തിൽ വലിയ വാഹനങ്ങൾക്ക് എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഷ്ടിച്ചാണ് വീതിയുള്ളത്. പാലത്തിന്റെ വീതിക്കുറവ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. തൂത- മുണ്ടൂർ പാത നാലുവരിയാക്കി നവീകരിച്ചത് പ്രയോജനപ്പെടണമെങ്കിൽ വീതി കൂടിയ പാലം നിർമിക്കണമെന്നതുകൊണ്ടാണ് പുതിയ പാലം നിർമിക്കുന്നത്.

20 വർഷങ്ങൾക്കു മുൻപ് ഉപരിതലത്തിൽ അര മീറ്ററോളം കനത്തിൽ കോൺക്രീറ്റ് സ്ലാബ് ഇട്ടാണ് പാലത്തിന്റെ ബലക്ഷയം പരിഹരിച്ചത്. പുതിയ പാലം പണി പൂർത്തിയായതിന് ശേഷം നിലവിലെ പാലം പൊളിച്ചുമാറ്റും. പാലം നിൽക്കുന്ന അതേ സ്ഥാനത്ത് 10 മീറ്റർ വീതിയിൽ പുതിയ പാലം നിർമിക്കും. പാലത്തിന്റെ ബലം സംബന്ധിച്ച് തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളേജ് നടത്തിയ ഗവേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂർണമായും പൊളിച്ചു മാറ്റുന്നത്.

റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 364 കോടി രൂപ ചെലവിലാണ് തൂത-മുണ്ടൂർ സംസ്ഥാനപാത നവീകരിക്കുന്നത്. 37 കിലോമീറ്ററാണ് ദൂരം.
കിഫ്ബി പദ്ധതിയിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. അവസാന റീച്ചുകളിലൊന്നായ തൂത-കാറൽമണ്ണ ഹെൽത്ത് സെന്റർ ഭാഗത്ത് അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *