നഗര സൗന്ദര്യവൽക്കരണം; പാഴ്‌വസ്‌തു ശേഖരണവുമായി പെരിന്തൽമണ്ണ നഗരസഭ

Share to

Perinthalmanna Radio
Date: 01-02-2025

പെരിന്തൽമണ്ണ ∙ നഗരത്തിന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വീടുകളിലും കടകളിലും പരിസരപ്രദേശങ്ങളിലും കിടക്കുന്ന പാഴ്‌വസ്‌തുക്കൾ നഗരസഭ ശേഖരിക്കുന്നു. പഴയ ചെരുപ്പ്, തുകൽ, ബാഗ്, ഇലക്ട്രോണിക് വസ്തുക്കൾ, തുണികൾ, കുപ്പികൾ, മറ്റു വസ്തുക്കൾ എന്നിവ വാർഡ് കേന്ദ്രങ്ങളിൽനിന്നു ശേഖരിക്കും. ഒന്നു മുതൽ 17 വരെയുള്ള വാർഡുകളിൽ ഇന്നും 18 മുതൽ 34 വരെയുള്ള

വാർഡുകളിൽ നാളെയും പാഴ്‌വസ്തുക്കൾ നൽകാം. കിലോഗ്രാമിന് 10 രൂപ വീതം ലഭിക്കും. ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു നൽകണം.

പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുന്നതിനും വൃത്തിയായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് നഗരസഭയുടെ നേതൃത്വത്തിൽ നാലാം ഘട്ടമായി പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന പാഴ്‌വസ്തു ശേഖരണ പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്നും അവസരം ഉപയോഗപ്പെടുത്തണമെന്നും നഗരസഭാധ്യക്ഷൻ പി.ഷാജി കൗൺസിൽ യോഗത്തിൽ അഭ്യർഥിച്ചു.

പാതിവഴിയിലുള്ള പെരിന്തൽമണ്ണ നഗരസഭ ടൗൺ ഹാളിന്റെ രണ്ടാം ഘട്ട പ്രവൃത്തി പൂർത്തീകരിച്ച് കൈമാറുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് അനുവദനീയമായ സെന്റെജ് ചാർജ് വ്യവസ്ഥയിൽ ഏറ്റെടുക്കുന്നതിന് സെന്റെജ് നിരക്കിന്മേലുള്ള മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിക്കുന്നതിന് യോഗം തീരുമാനിച്ചു. ആദ്യഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയ ടൗൺ ഹാളിന്റെ തുടർ നിർമാണ പ്രവൃത്തികൾ കോവിഡ് സാഹചര്യം കാരണം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പുതിയ ടെൻഡർ നടപടികൾ കഴിഞ്ഞാൽ യുദ്ധകാല അടിസ്ഥാനത്തിൽ രണ്ടാം ഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ടൗൺ ഹാൾ കൈമാറാൻ നഗരസഭയ്‌ക്ക് സാധിക്കുമെന്ന് ചെയർമാൻ പി.ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *