
Perinthalmanna Radio
Date: 01-03-2026
പെരിന്തൽമണ്ണ: കൗൺസിലർമാർ പോലും അറിഞ്ഞില്ലെന്ന ആക്ഷേപത്തെ തുടർന്ന് പെരിന്തൽമണ്ണ നഗരസഭയിലെ ബസ് സ്‌റ്റാൻഡുകളിലെയും പൊതു മാർക്കറ്റിലെയും കംഫർട്ട് സ്‌റ്റേഷനുകളുടെയും ടാക്‌സി സ്‌റ്റാൻഡ് പിരിവിന്റെയും ലേലം റദ്ദാക്കി. ബസ് സ്‌റ്റാൻഡ്–ടാക്‌സി സ്‌റ്റാൻഡ് പിരിവിന് ഇത്തവണ 8,50,000 രൂപയ്‌ക്കാണ് ലേലം നടന്നത്. കഴിഞ്ഞ വർഷം ഇത് 7,85,000 രൂപയ്‌ക്കായിരുന്നു ലേലം പോയത്. മൂസക്കുട്ടി ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ കംഫർട്ട് സ്‌റ്റേഷൻ മുൻവർഷം 10,53,000 രൂപയ്‌ക്കായിരുന്നു ലേലം. ഇത്തവണ 12,12,000 രൂപയ്‌ക്കാണ് ലേലം നടന്നത്.
പഴയ മാർക്കറ്റിലെ കംഫർട്ട് സ്‌റ്റേഷൻ ലേലത്തിൽ ആരും പങ്കെടുത്തിരുന്നില്ല. മൂസക്കുട്ടി ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയുടെ ലേലം 21,01,000 രൂപയ്ക്കാണ് നടന്നത്. ടൗൺ സ്‌ക്വയർ കിയോസ്‌ക് 9,55,000 രൂപയ്‌ക്കാണ് ലേലം നടന്നത്. കഴിഞ്ഞ 18 ന് ആണ് ലേലം നടന്നത്. കൂടുതൽ തുക വിളിച്ചെടുത്തവർ ലേലത്തുകയുടെ മൂന്നിൽ ഒരു ഭാഗം നഗരസഭയിൽ ഒടുക്കിയിരുന്നു. എന്നാൽ എല്ലാ കൗൺസിലർമാരെയും അറിയിച്ചുകൊണ്ടും പൊതുസമൂഹത്തെ കൃത്യമായി അറിയിച്ചു കൊണ്ടുമായിരിക്കണം ലേലം നടക്കേണ്ടതെന്ന് നഗരസഭാ വൈസ് ചെയർമാൻ എം.ബി.ഫസൽ മുഹമ്മദ് യോഗത്തിൽ പറഞ്ഞു. ലേലം റദ്ദാക്കി പുനർലേലം നടത്തണമെന്നും അദ്ദേഹം നിർദേശിക്കുകയായിരുന്നു.
നഗരസഭയുടെ അധീനതയിലുള്ള കടമുറികൾക്ക് അഡ്വാൻസ് വലിയ തുക വാങ്ങി, പ്രതിമാസ വാടക കുറച്ചു നൽകുന്ന രീതി ശരിയല്ലെന്നും ഇത് തെറ്റായ ധന മാനേജ്മെന്റിന്റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ പുനർവിചിന്തനം വേണമെന്നും സ്ഥിരസമിതി അധ്യക്ഷൻ നാലകത്ത് ബഷീർ നിർദേശിച്ചു. മാത്രമല്ല നഗരസഭയുടെ കടമുറികൾ കടക്കാരുടെ മരണമോ മറ്റ് അനിവാര്യ കാരണങ്ങളോ ഇല്ലെങ്കിൽ പുറമെയുള്ള മറ്റൊരാൾക്ക് കൈമാറുന്ന നടപടി പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കടമുറികൾ കൈമാറുന്നതിനുള്ള 2 അജൻഡകൾ മാറ്റിവച്ചു.
വിവിധ ആവശ്യങ്ങൾക്കായി നഗരസഭാ ഓഫിസിലെത്തുന്ന ജനങ്ങളോട് മോശമായി പെരുമാറുന്ന സമീപനം തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വലിയ തോതിൽ പരാതി ഉണ്ടെന്നും നെച്ചിയിൽ മൻസൂർ പറഞ്ഞു. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കൗൺസിലിൽ നിർദേശം നൽകി. പെരിന്തൽമണ്ണ നഗരസഭയുടെ ബജറ്റ് മാർച്ച് 4 ന് അവതരിപ്പിക്കും. 5 ന് ബജറ്റു ചർച്ചയും നടക്കും. നഗരസഭാ പരിധിയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കുടിവെള്ള കണക്‌ക്ഷൻ നൽകുന്നതിനായി നൽകിയിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്‌റ്റിന് കൗൺസിൽ അംഗീകാരം നൽകി. നഗരസഭയിൽ തെരുവുനായ. പേപ്പട്ടി, കുറുനരി ശല്യം കുറയ്‌ക്കുന്നതിനായി എബിസി കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിന് പദ്ധതി തയാറാക്കും.
വേനൽക്കാലത്ത് എല്ലാ വീടുകളിലും ജല ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
