ടൗൺ സ്‌ക്വയർ നടപടിക്രമം പാലിക്കാതെ അനുവദിച്ചതായി പ്രതിപക്ഷ ആരോപണം

Share to



Perinthalmanna Radio
Date: 01-05-2024

പെരിന്തൽമണ്ണ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് നടപടിക്രമങ്ങൾ പാലിക്കാതെ നഗരസഭാ ടൗൺ സ്‌ക്വയർ പൊതുപരിപാടിക്കായി അനുവദിച്ചതായി പ്രതിപക്ഷ ആരോപണം. നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഇതേതുടർന്ന് കൗൺസിൽ യോഗം ബഹളമയമായി. യോഗത്തിൽ പ്രതിപക്ഷാംഗം പത്തത്ത് ജാഫർ ആണ് വിഷയം ഉന്നയിച്ചത്.

ഏപ്രിൽ മാസത്തിൽ ഡിവൈഎഫ്‌ഐയുടെ പരിപാടി ഉൾപ്പെടെ 3 പരിപാടികൾ മാത്രമാണ് നഗരസഭാ രജിസ്‌റ്ററിൽ രേഖപ്പെടുത്തിയതെന്നും ഏപ്രിൽ 22ന് നടന്ന ബിജെപിയുടെ പരിപാടി രജിസ്‌റ്ററിലില്ലെന്നുമായിരുന്നു ആക്ഷേപം. നഗരസഭ ഭരിക്കുന്ന സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്നും ബിജെപിക്ക് മാത്രമായി എന്താണ് പ്രത്യേകതയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തുനിന്ന് മറ്റംഗങ്ങളും വിഷയം ഏറ്റുപിടിച്ചതോടെ ഭരണപക്ഷാംഗങ്ങളും മറുപടിയും പ്രത്യാരോപണവുമായി എഴുന്നേറ്റു. ടൗൺ സ്‌ക്വയർ എല്ലാ രാഷ്‌ട്രീയ പരിപാടികൾക്കും മറ്റ് പൊതുപരിപാടികൾക്കും അനുവദിക്കുന്നതിൽ തടസ്സമില്ലെന്നും ബിജെപിയുടെ പരിപാടിക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് അനുവദിച്ചതെന്നും ഫീസ് ഈടാക്കിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു.

ഇതോടെ നഗരസഭാരേഖ കാണണമെന്നായി പ്രതിപക്ഷം. ഒടുവിൽ ബിജെപിയുടെ പരിപാടിക്ക് ഫീസ് ഒടുക്കിയതിന്റെ രസീത് യോഗത്തിൽ ഹാജരാക്കി. ഇതോടെ തെറ്റായ ആരോപണം ഉന്നയിച്ച പ്രതിപക്ഷം മാപ്പുപറയണമെന്ന് ഭരണപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചാണ് പരിപാടിയ്‌ക്ക് അനുമതി തേടിയെതെന്ന് ചെയർമാൻ അറിയിച്ചു. അപേക്ഷ രജിസ്‌റ്ററിൽ ചേർക്കാൻ ഉദ്യോഗസ്ഥൻ വിട്ടുപോയതാണെന്നു ചെയർമാൻ അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥ വീഴ്‌ച പരിശോധിക്കണമെന്നായി പ്രതിപക്ഷം.

നഗരസഭാ പരിധിയിലെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് ടാങ്കർ ലോറികളിൽ വെള്ളം വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പൈപ്പ്‌ലൈൻ പദ്ധതികൾ ദ്രുതഗതിലിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളം വിതരണം ചെയ്യുന്നതിന് കലക്‌ടറുടെ പ്രത്യേക അനുമതി തേടുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങൾക്ക് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയിൽ മുൻഗണന നൽകുന്നുണ്ടെന്ന് ചെയർമാൻ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *