
Perinthalmanna Radio
Date: 01-10-2025
പെരിന്തൽമണ്ണ: ഡോക്ടർമാരുടെ കുറവ് നില നിൽക്കുമ്പോഴും എഫ്എംജി ഇന്റേൺഷിപ്പിന് സൗകര്യം ഒരുക്കാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. വിദേശ രാജ്യങ്ങളിൽ പോയി പഠനം പൂർത്തീകരിച്ച് എഫ്എംജി പരീക്ഷ വിജയിച്ച ഒട്ടേറെ വിദ്യാർഥികൾ മറ്റു ജില്ലകളിലെ ആശുപത്രികളെയാണ് എഫ്എംജി ഇന്റേൺഷിപ്പിന് വേണ്ടി ആശ്രയിക്കുന്നത്. മറ്റു ജില്ലകളിൽ യാതൊരു വേതനവും പറ്റാതെയാണ് ഇവരെല്ലാം സേവനം ചെയ്യുന്നത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എഫ്എംജി ഇന്റേൺഷിപ് ട്രെയ്നിങ്ങിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കി ഡിഎംഒ മുഖേന പ്രപ്പോസൽ സമർപ്പിച്ച് ജില്ലാ ആശുപത്രി അധികൃതർ കാത്തിരിപ്പിലാണ്. ഇനിയും ഇക്കാര്യത്തിൽ അനുമതിയായിട്ടില്ല. സ്വന്തം നാട്ടിൽ എഫ്എംജി ഇന്റേൺഷിപ് പൂർത്തീകരിക്കുന്നതിന് കാത്തു നിൽക്കുന്ന ഏറെ പേരുണ്ട്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിൽ ദിവസവും ആയിരക്കണക്കിന് രോഗികൾ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്, ഇത്തരം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനായാൽ ഒപി പരിശോധനയ്ക്കും അത്യാഹിത വിഭാഗത്തിലെയും പാവപ്പെട്ട രോഗികളുടെ തിക്കും തിരക്കും കുറയ്ക്കാനാവും. സേവനം കാര്യക്ഷമമാക്കാനും സാധിക്കും. ഇതു സംബന്ധിച്ചു ജില്ലാ ആശുപത്രി സമർപ്പിച്ച പ്രപ്പോസൽ അടിയന്തര പ്രാധാന്യത്തോടെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി എച്ച്എംസി അംഗം മാനുപ്പ കുറ്റീരി എംഎൽഎ ഉൾപ്പെടെയുള്ള അധികൃതർക്ക് നിവേദനം നൽകി.
……………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
