
Perinthalmanna Radio
Date: 01-12-2024
പട്ടിക്കാട് : റബ്ബറൈസ് നടത്തുന്നതിനായി സംസ്ഥാനപാതയിൽ റോഡ് അടച്ചിട്ടുള്ള ഗതാഗത നിയന്ത്രണം യാത്രക്കാരെ വലച്ചു. പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ചുങ്കം വരെയുള്ള നാലു കിലോമീറ്റർ ഭാഗത്തിന്റെ റബ്ബറൈസിങ്ങിനായിട്ടാണ് പാതയിൽ അധികൃതർ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. പാതയിലൂടെയുള്ള അടിയന്തര സർവീസുകൾ കടത്തി വിടുന്നുണ്ടെങ്കിലും മറ്റു വാഹനങ്ങളെ നിയന്ത്രണം വലച്ചു.
ആക്കപ്പറമ്പ് മേലാറ്റൂർ വഴിയും പട്ടിക്കാട് മേലാറ്റൂർവഴിയും ചുറ്റിസഞ്ചരിച്ച് യഥാസ്ഥാനത്തെത്താൻ ചുറ്റേണ്ട ഗതികേടിലാണ് യാത്രക്കാർ. രാപകൽ ഭേദമെന്യേ ഇടതടവില്ലാതെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളാണ് പട്ടിക്കാട്-വടപുറം സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്നത്. മൈസൂരു-ബംഗളൂരു അന്തർസംസ്ഥാന പാതകൂടി ഇതിലെയാണ് കടന്നുപോകുന്നത്.
പെരിന്തൽമണ്ണയിലേക്കുള്ള ആംബുലൻസുകളടക്കമുള്ള വാഹനങ്ങളും, കർണാടക, തമിഴ്നാട് ഭാഗങ്ങളിൽനിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിക്കുന്നതും ഇതിലൂടെയാണ്. കൂടാതെ പ്രദേശവാസികളും ലക്ഷ്യസ്ഥാനത്തെത്താൻ കിലോമീറ്റർ ചുറ്റിസഞ്ചരിക്കേണ്ട ഗതികേടാണ്. പാത പൂർണമായ തോതിൽ അടച്ചിട്ടിട്ടുള്ള നവീകരണം പ്രദേശവാസികളുടെയും ഡ്രൈവർമാരുടെയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നവീകരണം കഴിയുന്നതുവരെ നിയന്ത്രണം തുടരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
പാതയുടെ ഒരുവശത്തുകൂടി വാഹനം കടത്തിവിടുകയോ, പട്ടിക്കാട് ഭാഗത്തെ നവീകരണം വേഗത്തിൽ പൂർത്തീകരിച്ച് കമാനം-അരിക്കണ്ടംപാക്ക് പാതയിലൂടെ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുകയോ ചെയ്യണമെന്നുള്ള ആവശ്യവും ശക്തമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
