തണുത്ത് വിറച്ച് കേരളം; സംസ്ഥാനത്ത് മഞ്ഞുവീഴ്ചയും തണുപ്പും വർദ്ധിച്ചു

Share to


Perinthalmanna Radio
Date: 01-12-2025

പെരിന്തൽമണ്ണ: ഒരാഴ്ചയായി കേരളത്തിൽ അസാധാരണ തണുപ്പാണ് അനുഭവപ്പെടുന്നത്. ഡിസംബർ മധ്യത്തോടെ മാത്രം ആരംഭിക്കുന്ന തണുപ്പ് അൽപം നേരത്തേ വന്നതാണോ എന്ന സംശയത്തിലാണ് ആളുകൾ. കേരളത്തിലെ എല്ലാ ജില്ലകളിലും സാധാരണത്തേതിനേക്കാൾ തണുപ്പ് കൂടുതലാണ്. രാത്രിക്ക് പുറമേ പകൽ സമയത്ത് പോലും തണുത്ത കാലാവസ്ഥയാണ്. ഉത്തര കേരളത്തിലേയും മധ്യ കേരളത്തിലേയും ജില്ലകളെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്.

കേരളത്തിൽ ചൂട് മുൻപുള്ളതിനേക്കാൾ താപനില ഉയരുന്നത് പോലെ തണുപ്പിലും ഇതേ പ്രതിഭാസമുണ്ടായിരിക്കുന്നുവെന്നാണ് ആദ്യം പലരും കരുതിയത്. എന്നാൽ ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലമാണ് അസാധാരണ തണുപ്പെന്നാണ് കാലാവസ്ഥ കേന്ദ്രം അധികൃതരുടെ അറിയിപ്പ്. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം തിരുവനന്തപുരത്ത് അനുഭവപ്പെട്ടത് മൂന്നാറിന് സമാനമായ തണുപ്പാണ്. ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. സാധാരണയേക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവാണിത്.

ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടാറുള്ള കൊല്ലം, പുനലൂർ മേഖലകളിലും കനത്ത മഞ്ഞാണ്. ഏഴ് ഡിഗ്രിയോളം താപനിലയാണ് ഇവിടെ കുറഞ്ഞത്. ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മേഘങ്ങൾ രണ്ടു ദിവസമായി കേരളത്തിന്റെ അന്തരീക്ഷത്തിന് മുകളിൽ നിൽക്കുകയാണ്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ ഇപ്പോഴും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്.

അതേസമയം, ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച് ന്യൂനമർദമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ തണുത്തുറഞ്ഞ കാലാവസ്ഥ ഇതോടെ സാധാരണ നിലയിലാകുമെന്ന് കരുതുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *