
Perinthalmanna Radio
Date: 02-01-2025
അങ്ങാടിപ്പുറം: ഡീസൽ എൻജിനുകൾ ചൂളം വിളിച്ച് ഓടിയ നിലമ്പൂരിലെ വഴികളിലൂടെ ഇനി ഇലക്ട്രിക് ട്രെയിനുകൾ വേഗത്തിൽ സർവീസ് നടത്തും. ഒട്ടേറെ യാത്രക്കാരുമായി ഇന്നലെ രാവിലെ 10.10ന് കോട്ടയം- നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസാണ് വൈദ്യുതീകരിച്ച വഴിയിലൂടെ ആദ്യം യാത്രയാരംഭിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷനിൽ വൈദ്യുതീകരണം നടത്തുന്ന അവസാനത്തെ പാത കൂടിയാണ് ഇത്.
വലിയ 2 ട്രാൻസ്ഫോമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് സ്റ്റേഷൻ ഓഫിസ് എന്നിവയാണ് മേലാറ്റൂരിലുള്ളത്. വാണിയമ്പലം, അങ്ങാടിപ്പുറം, വാടാനാംകുറിശ്ശി എന്നിവിടങ്ങളിലാണ് മറ്റു വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്കു ട്രെയിൻ ഓടിയെത്താനുള്ള സമയം. ഇലക്ട്രിക് ട്രെയിൻ ഓടി തുടങ്ങിയതോടെ സമയം ഒരു മണിക്കൂർ 10 മിനിറ്റായായി ചുരുങ്ങുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. 30 ശതമാനത്തോളം ചെലവും കുറയും. റെയിൽ പാത വൈദ്യുതീകരണത്തിന്റെ നിർമാണച്ചുമതല എൽ ആൻഡ് ടി കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. 2023 ജനുവരിയിലാണ് വാടാനാംകുറിശ്ശി സ്റ്റേഷനിൽ ആദ്യ തൂൺ സ്ഥാപിച്ച് വൈദ്യുതീകരണത്തിനു തുടക്കമിട്ടത്. 66 കിലോ മീറ്റർ പാതയിൽ 100 കോടി രൂപയോളം ചെലവിലാണു വൈദ്യുതീകരണം പൂർത്തിയാക്കിയത്.
യാത്രക്കാരുടെ ആവശ്യപ്രകാരം കൂടുതൽ മെമു സർവീസുകൾ ഷൊർണൂർ–നിലമ്പൂർ പാതയിൽ സർവീസ് നടത്തുമെന്ന് റെയിൽവേ. ഈ മാസത്തോടെ അവസാനത്തോടെ കൂടുതൽ ട്രെ യിനുകൾ ഓടിക്കും. എറണാകുളം–ഷൊർണൂർ മെമു സർവീസ്, കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് എന്നിവ നിലമ്പൂരിലേക്കു നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. രാവിലെ ഷൊർണൂരിൽനിന്നു കണ്ണൂരിലേക്കു പോകുന്ന ഇതേ മെമു നിലമ്പൂരിൽനിന്ന് ആരംഭിക്കാനുമുള്ള നിർദേശം പരിഗണനയിലുണ്ട്. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാലുടൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതോടെ വൈകിട്ട് മുതൽ നിലമ്പൂരിലേക്ക് ട്രെയിൻ ഇല്ലെന്നുള്ള പ്രശ്നത്തിനും പരിഹാരമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
