
Perinthalmanna Radio
Date: 02-01-2026
പെരിന്തൽമണ്ണ : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ പിടികൂടാൻ സാധിക്കാതെ പൊലീസ് വലയുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച്ചയാണ് പ്രതി ചാടിപ്പോകാൻ കാരണമെന്നാണു കണ്ടെത്തൽ.
ഡിസംബർ 29 തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രതി വിനീഷ് ശുചിമുറിയുടെ ചുമർ തുരന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുറകിലുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതി എങ്ങനെയാണ് ചാടിപ്പോയതെന്നു പൊലീസിന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ഇതിനു മുൻപും വിനീഷ് ചാടിപ്പോയിട്ടുണ്ടെങ്കിലും അന്ന് കർണാടകയില്‍ നിന്ന് പിടികൂടിയിരുന്നു. കേന്ദ്രത്തിലെ ഗുരുതര സുരക്ഷാ വീഴ്ചയെത്തുടർന്നാണ് വിനീഷ് കടന്നു കളഞ്ഞതെന്നാണ് ആരോപണം.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന 376 രോഗികളുടെ സുരക്ഷയ്ക്കായി 5 ജീവനക്കാർ മാത്രമാണ് ഉള്ളത്. ഷിഫ്റ്റ് പ്രകാരം ഒരേസമയം ഡ്യൂട്ടിയിൽ മൂന്നു പേർ മാത്രമാണ് ഉണ്ടാവുക. രാത്രി ഫോറൻസിക് വാർഡിൽ പ്രതികൾക്ക് സുരക്ഷയൊരുക്കാൻ 2 നഴ്സുമാരും 2 പൊലീസുകാരും 2 ഗേറ്റ് കാവൽക്കാരും മാത്രമാണ് ഉള്ളത്. 20 താത്കാലിക ജീവനക്കാരെ ഒരു വർഷം മുൻപ് കേന്ദ്രത്തിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
