പ്രദർശനമേളയിലെ സംഘർഷം സംഘാടകർ മറുപടിയും മാപ്പപേക്ഷയും നൽകി

Share to

Perinthalmanna Radi
Date: 02-02-2024

പെരിന്തൽമണ്ണ: പ്രദർശനമേളയ്ക്ക് നൽകിയ അനുമതിയിലെ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നഗരസഭ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സംഘാടകർ മറുപടിനൽകി. അറിവില്ലാതെ സംഭവിച്ചതാണെന്ന് അറിയിച്ചതിനൊപ്പം മാപ്പപേക്ഷയും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘാടകരുടെ വാദങ്ങളും പരിഗണിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് നഗരസഭാ ക്ലീൻസിറ്റി മാനേജർ അറിയിച്ചു. രണ്ടുദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച നോട്ടീസ് നൽകിയിരുന്നത്. ബൈപ്പാസിന് സമീപത്തെ എക്സ്‌പോ മൈതാനത്ത് മൂന്നുദിവസത്തെ താത്കാലിക വ്യാപാരത്തിനായി 34 സ്റ്റാളുകൾ ഉൾപ്പെടുത്തി വ്യാപാരം നടത്തുന്നതിനാണ് തിരൂർക്കാട് സ്വദേശിക്ക് നഗരസഭ അനുമതി നൽകിയിരുന്നത്.

എന്നാൽ ഇവിടെ 61 സ്റ്റാളുകൾ അധികമായി സ്ഥാപിക്കുകയും, മതിയായ സുരക്ഷാ-മാലിന്യ സംസ്കരണ സംവിധാനങ്ങളോ, ശൗചാലയ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന് നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു വിവിധ മുനിസിപ്പൽ വകുപ്പുകളുടെയും മറ്റും ലംഘനമാണെന്നും ശിക്ഷാനടപടികളും ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരുന്നത്. പ്രദർശനമേളയുടെ സമാപനദിവസമായ ഞായറാഴ്ച രാത്രി അനുമതിയില്ലാതെ സംഗീതപരിപാടി വെയ്ക്കുകയും, സംഘർഷത്തിൽ അക്രമാസക്തരായ ജനം ശബ്ദസംവിധാനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘാടകർ ഉൾപ്പെടെ 15 പേരെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *