
Perinthalmanna Radio
Date: 02-02-2026
പെരിന്തൽമണ്ണ: റോഡരികിലെ ഓടകളിലേക്ക് മാലിന്യവും മലിനജലവും ഒഴുക്കിവിടുന്നവർക്കെതിരെ കടുത്ത നടപടികളുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. ഇതിനായി പെരിന്തൽമണ്ണ നഗരസഭയെയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെയും ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ പരിശോധനകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ‘ചേലുള്ള ചെറുപുഴ’ എന്ന ക്യാമ്പയിന്റെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റുകളുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ ജനങ്ങൾക്കും വ്യാപാരികൾക്കും കൃത്യമായ അവബോധം നൽകുമെന്നും, രണ്ടാം ഘട്ടത്തിൽ മിന്നൽ പരിശോധനകൾ നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
പെരിന്തൽമണ്ണ ബൈപ്പാസിലെയും അങ്ങാടിപ്പുറത്തെയും വ്യാപാരികൾ രാത്രികാലങ്ങളിൽ ഓടകളിലേക്ക് മലിനജലം ഒഴുക്കുന്നതിലൂടെ വലിയ രീതിയിലുള്ള ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഈ പരാതി ഗൗരവമായെടുത്ത് കടകളുടെ മുൻവശത്തെ ഓടകൾ തുറന്ന് പരിശോധിച്ച് സത്യാവസ്ഥ ബോധ്യപ്പെടാൻ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമന്യേ സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും അധികൃതർ അറിയിച്ചു.
മാലിന്യ നിക്ഷേപം തടയുന്നതിനായി എം.എൽ.എമാർ, പോലീസ്, എക്സൈസ്, റവന്യൂ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി നിയമലംഘനം കണ്ടെത്തുന്നവർക്കെതിരെ അപ്പോൾ തന്നെ പിഴ ഈടാക്കാനാണ് (Spot Fine) തീരുമാനം. പെരിന്തൽമണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യ പ്രശ്നം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംയുക്ത നീക്കം ആരംഭിച്ചിരിക്കുന്നത്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
