
Perinthalmanna Radio
Date: 02-03-2024
പെരിന്തൽമണ്ണ: ഹാൾ ടിക്കറ്റെടുക്കാൻ മറന്ന് പരീക്ഷയ്ക്കെത്തിയ പ്ലസ്വൺ വിദ്യാർഥിക്ക് സഹായകമായത് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷക്ക് എത്തിയപ്പോഴാണ് ആലിപ്പറമ്പ് പാറക്കണ്ണി സ്വദേശിയായ വിദ്യാർഥി ഹാൾട ടിക്കറ്റ് കൈവശമില്ലെന്നറിഞ്ഞത്. 9.30-നാണ് പരീക്ഷ തുടങ്ങുന്നത്. എത്രയുംവേഗം 16 കിലോമീറ്റർ ദൂരെയുള്ള വീട്ടിലെത്തി ഹാൾ ടിക്കറ്റ് എടുത്തു വരാനായി ശ്രമം. കൂട്ടുകാരനെയും കൂട്ടി 8.50-ഓടെ പാലക്കാട്ടേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറി. ഇതേബസിലായിരുന്നു പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിലെ ഫയർ ഓഫീസർ മുഹമ്മദ് ഷിബിൻ. ബസ് എപ്പോൾ കരിങ്കല്ലത്താണിയിലെത്തുമെന്ന് ഉത്കണ്ഠയോടെ കുട്ടികൾ കണ്ടക്ടറോട് ചോദിക്കുന്നത് ഷിബിൻ കേട്ടു.
യാത്രക്കാരെ കയറ്റിയിറക്കി പോകുന്നതിനാൽ 9.15 ആകുമെന്ന് ബസുകാർ പറഞ്ഞു. ഇതോടെ കുട്ടി വിഷമിക്കുന്നത് കണ്ടാണ് ഷിബിൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. വീട്ടിൽ അമ്മമാത്രമേയുള്ളൂവെന്നും വിളിച്ചുപറയാൻ ഫോൺ കൈവശമില്ലെന്നും കുട്ടി പറഞ്ഞു. ഇതോടെ വിഷമിക്കേണ്ടെന്നും അഗ്നിരക്ഷാനിലയത്തിലെത്തി അവിടെയുള്ള വാഹനത്തിൽ വീട്ടിൽപോയി ഹാൾടിക്കറ്റ് എടുക്കാമെന്നും ആശ്വസിപ്പിച്ചു.
ഷിബിന്റെ ഫോണിൽ അമ്മയെ വിളിച്ച് ഹാൾ ടിക്കറ്റുമായി കരിങ്കല്ലത്താണിയിലേക്കെത്താൻ പറഞ്ഞു. അപ്പോഴേക്കും സീനിയർ ഫയർ ഓഫീസർ സജിത്ത് തന്റെ സ്കൂട്ടറുമായി തയ്യാറായി. ഒൻപതോടെ കുട്ടിയുമായി 12 കിലോമീറ്റർ അകലെയുള്ള കരിങ്കല്ലത്താണിയിലേക്ക് പോയി. ഇവരെത്തുന്നതിന് മുൻപേ മാതാവ് ഹാൾടിക്കറ്റുമായി എത്തിയിരുന്നു. 9.25-ന് കുട്ടിയെ സ്കൂളിലെത്തിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
