
Perinthalmanna Radio
Date: 02-05-2025
പെരിന്തൽമണ്ണ ∙ യാത്രക്കാർക്കു സുരക്ഷിത ഭക്ഷണം ഉറപ്പാക്കലുമായി ബന്ധപ്പെട്ട്, വൃത്തിയും ഭക്ഷ്യസുരക്ഷാ മികവും വിലയിരുത്തുന്ന ഈറ്റ് റൈറ്റ് സ്റ്റേഷൻ പദവി നേടി ജില്ലയിലെ നാലു റെയിൽവേ സ്റ്റേഷനുകൾ. ഇത്തവണയാണ് ജില്ലയിൽനിന്നു കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ വർഷം രണ്ടു സ്റ്റേഷനുകൾക്കു മാത്രമായിരുന്നു അംഗീകാരം.
അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളാണ് ഈറ്റ് റൈറ്റ് പദവി നേടിയത്. കേരളത്തിൽ ആകെ 35 റെയിൽവേ സ്‌റ്റേഷനുകൾക്കു പദവി ലഭിച്ചു. കഴിഞ്ഞ വർഷം പ്രത്യേക പദവി നേടിയ കേരളത്തിലെ 26 റെയിൽവേ സ്‌റ്റേഷനുകൾക്കൊപ്പം തിരൂരും പരപ്പനങ്ങാടിയുമാണ് ഉണ്ടായിരുന്നത്. അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയിലുൾപ്പെട്ട് നവീകരണ പ്രവൃത്തികൾ നടക്കുന്ന സ്റ്റേഷൻ കൂടിയാണ് അങ്ങാടിപ്പുറം.
ഭക്ഷ്യവസ്‌തുക്കളുടെ കൃത്യമായ പരിശോധനയും ശുദ്ധജലം ലഭ്യമാക്കുന്നതും ശുചിത്വം നിലനിർത്തുന്നതുമെല്ലാം പരിഗണിച്ചാണ് അംഗീകാരം. ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്എഐ) നൽകുന്നതാണ് മികവിന്റെ ഈ സാക്ഷ്യപത്രം. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ചാണ് റെയിൽവേയും ഐആർസിടിഇയും ഇതുമായി ബന്ധപ്പെട്ട സർവേകളും പരിശോധനകളും പരിശീലനങ്ങളുമെല്ലാം നടപ്പാക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷ്യവിൽപന സ്ഥാപനങ്ങളുടെ അടുക്കളകൾ മുതൽ ഭക്ഷണവിതരണം വരെ പരിശോധിച്ചാണ് ഈ അംഗീകാരം നൽകുന്നത്
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ