കുന്നപ്പള്ളിയിലെ കിണറിടിഞ്ഞ് അപകടം; രക്ഷകരായി ജാഷിറും ഫിറോസും

Share to

Perinthalmanna Radio
Date: 02-06-2024

പെരിന്തൽമണ്ണ ∙ കുന്നപ്പള്ളി കളത്തിലക്കരയിൽ ഇന്നലെ ആഴമേറിയ കിണറ്റിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ നാട്ടുകാർക്കിടയിൽ ‘മഞ്ഞുമ്മൽ ബോയ്‌സാ’യി കുന്നപ്പള്ളി സ്വദേശികളായ പൂക്കോട്ടുതൊടി ജാഷിറും തെക്കും പുറത്ത് ഫിറോസും.

അപക‌ടം നടന്ന് നിമിഷങ്ങൾക്കകം സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തിയ ജാഷിറാണ് വലിയൊരു ദുരന്തത്തെ വഴിമാറ്റിയ ഹീറോ. ജാഷിറിന്റെ വീട്ടിൽ നിന്നു‌ 200 മീറ്ററോളം അകലെയായിരുന്നു അപകടം. മെഡിക്കൽ റപ്രസന്റേറ്റീവായ ജാഷിർ ഇന്നലെ ജോലിക്ക് പോകാൻ തയാറെടുക്കുന്നതിനിടെയാണ് സംഭവ സ്ഥലത്തിനടുത്ത് താമസിക്കുന്ന മൂത്തമ്മ ഫോണിൽ അപകട വിവരം അറിയിച്ചത്. സ്‌കൂട്ടറിൽ ഉടൻതന്നെ അപകടം നടന്ന കിണറിനടുത്തെത്തി.

ഈ സമയം കിണറിനു ചുറ്റും പരിസരവാസികളായ ചിലർ കൂടിയിരുന്നെങ്കിലും എന്തു ചെയ്യണമെന്നറിയാതെ സ്‌തംഭിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. കിണറ്റിനുള്ളിൽ മണ്ണിലും ചേറിലുമായി കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ മൂക്കുതൊട്ട നിലയിലായിരുന്നു വെള്ളം. നല്ല ഉറവയുള്ളതാണ് കിണർ. ഏതാനും നിമിഷങ്ങൾക്കകം ഇരുവരും പൂർണമായി മുങ്ങുന്ന സ്ഥിതി. ഇനിയും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് കിണർ. ശക്തമായ മഴയുടെ വരവുമുണ്ട്. മാത്രമല്ല, ആരെങ്കിലും ഇറങ്ങിയാൽ ചെളിയിലും മണ്ണിലും പൂഴ്‌ന്നു പോകുമോ എന്ന ഭയവുമുണ്ട്. കിണറ്റിൽ ഇറങ്ങാനായി ബലമുള്ള കയർ കെട്ടിയ ഭാഗമാണ് ഇടിഞ്ഞു വീണത്. ഈ കയറും മണ്ണിനടിയിലാണ്. മറുവശത്ത് വണ്ണം കുറഞ്ഞ കാര്യമായ ബലം തോന്നാത്ത തൂങ്ങി നിൽക്കുന്ന മറ്റൊരു കയറാണ് ആകെ ആശ്രയിക്കാവുന്നത്. ജാഷിർ തൂങ്ങി നിന്ന കയർ വഴി കിണറ്റിലേക്ക് ഊർന്നിറങ്ങി. കൂടെ ഇറക്കിയ ബക്കറ്റിൽ പലതവണ വെള്ളം മുക്കി മുകളിലേക്ക് കയറ്റി. പിന്നീട് മൺവെട്ടി കൊണ്ട് തൊഴിലാളികൾക്ക് സമീപത്തുള്ള മണ്ണും ചെളിയും നീക്കാനായി ശ്രമം. കുറേയേറെ മണ്ണ് നീക്കിയതോടെ തൊഴിലാളികൾക്ക് അൽപം ആശ്വാസമായി. അപ്പോഴേക്കും വിവരമറിഞ്ഞെത്തിയ ഫിറോസും കിണറ്റിലിറങ്ങി. പിന്നീട് ഇരുവരും ചേർന്ന് കൈമെയ് മറന്നള്ള പരിശ്രമമായിരുന്നു മണ്ണു നീക്കാൻ.

നെഞ്ചിനു താഴെ വരെ പുറത്തു കാണുന്ന വിധം മണ്ണുനീക്കി. തൊഴിലാളികൾക്ക് വെള്ളം കുടിക്കാൻ നൽകി. അപ്പോഴേക്കും പൊലീസും അസി.സ്‌റ്റേഷൻ ഓഫിസർ പി.സജുവിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനയും സിവിൽ ഡിഫൻസ് വൊളന്റിയർമാരും പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തിയതോടെ രക്ഷാപ്രവർത്തനത്തിന് വേഗം കൂടി. ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ പി.ആർ.രഞ്ജിത്ത്, എസ്.ഫിറോസ്, എൻ.ഉമ്മർ എന്നിവരും കിണറ്റിലിറങ്ങി. ഒന്നര മണിക്കൂർ നേരത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിക്കാനായത്. അതുവരെയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ജാഷിറും ഫിറോസും രംഗത്തുണ്ടായിരുന്നു. പിന്നാലെയെത്തിയ ശക്തമായ മഴയ്‌ക്ക് മുൻപായി തൊഴിലാളികളെ പുറത്ത് എത്തിക്കാനായത് ആശ്വാസമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *