
Perinthalmanna Radio
Date: 02-07-2025
അങ്ങാടിപ്പുറം: അവശരായെത്തുന്ന രോഗികള്‍ അടക്കമുള്ളവരെ അങ്ങാടിപ്പുറം മേല്‍പ്പാലത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും എത്തിക്കുന്നതിന് മങ്കട പെയിൻ ആൻഡ് പാലിയേറ്റീവ്ന്‍റെ നേതൃത്വത്തില്‍ സൗജന്യ വാഹനമൊരുക്കി. മേല്‍പ്പാലത്തിന് പടിഞ്ഞാറ് ഭാഗത്തായി കട്ട വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിലച്ചതിനെ തുടർന്നാണ് ആശ്വാസ നടപടി.
സ്വകാര്യ ബസുകള്‍ പാലത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തുമായി നിർത്തിയിട്ടാണ് സർവീസ് നടത്തുന്നത്. ഇതിനാല്‍ പെരിന്തല്‍മണ്ണയിലേക്ക് എത്തേണ്ട രോഗികള്‍ അടക്കമുള്ളവർ അങ്ങാടിപ്പുറം തളി ജംഗ്ഷനില്‍ ഇറങ്ങി പാലത്തിലൂടെ നടന്ന് കിഴക്ക് ഭാഗത്ത് നിർത്തിയിട്ട വാഹനങ്ങളില്‍ എത്തിപ്പെടാൻ പ്രയാസപ്പെടുകയാണ്.
ഇതിന് പരിഹാരമായാണ് മങ്കട പെയിൻ പാലിയേറ്റീവിന്‍റെ നേതൃത്വത്തില്‍ മേല്‍പ്പാലത്തിനു മുകളിലായി വാഹന സൗകര്യമൊരുക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വയോധികർ മേല്‍പ്പാലത്തിന്‍റെ മുകളിലൂടെയും താഴെ റെയില്‍പാത മുറിച്ചു കടക്കുകയും ചെയ്താണ് കടന്നുപോയത്. ഇതേറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
പ്രായമായവരും ശാരീരിക വിഷമത അനുഭവിക്കുന്നവരും ഏറെ ബുദ്ധിമുട്ടിയാണ് മേല്‍പ്പാലത്തിന്‍റെ അപ്പുറത്തേക്കും ഇപ്പുറത്തേക്കും കാല്‍ നടയായി യാത്ര ചെയ്യുന്നത്. ഇതിന് പരിഹാരമായാണ് മങ്കട പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തില്‍ സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
