
Perinthalmanna Radio
Date: 02-08-2025
ദേശീയ പാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് 15ന് നിലവിൽവരും. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോൾഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു ട്രിപ് ആയാണ് കണക്കാക്കുക. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കിൽ രണ്ടു ട്രിപ്പായാകും പരിഗണിക്കുക. വാണിജ്യേതര ആവശ്യങ്ങൾക്കുപയോഗിക്കുന്ന സ്വകാര്യകാർ, ജീപ്പ്, വാൻ എന്നിവയ്ക്കു മാത്രമാകും നേട്ടം. ട്രക്കുകൾ, ടെമ്പോകൾ പോലുള്ളവയ്ക്ക് പാസ് ലഭിക്കില്ല.
*ഫാസ്ടാഗ് പാസ് അതിവേഗ പാതകളിലും ഉപയോഗിക്കാം*
ഫാസ്ടാഗിന്റെ വാർഷികപാസ് ദേശീയപാത അതോറിറ്റികൾക്കുകീഴിൽ വരുന്ന ദേശീയപാത, ദേശീയ അതിവേഗപാതകളിലെ ടോൾ ഫീസ് പ്ലാസകളിലെല്ലാം വാർഷികഫീസിനുള്ള ഫാസ്ടാഗ് പാസ് ഉപയോഗിക്കാം. എന്നാൽ, സംസ്ഥാനസർക്കാരുകളുടെയും ബ്ലോക്കുകളുടെയും കീഴിലുള്ള ടോൾ ഇടങ്ങളിൽ സാധാരണ ഫാസ്ടാഗ് വഴി ടോൾ നൽകേണ്ടിവരും. 200 ട്രിപ്പ് പൂർത്തിയായാൽ വാർഷികപാസ് മാറി ഫാസ്ടാഗ് സാധാരണരീതിയിലേക്കു മാറും. വീണ്ടും വാർഷികപാസെടുത്ത് റീ ആക്ടിവേറ്റ് ചെയ്യാം.
രാജ്മാർഗ് യാത്ര മൊബൈൽ ആപ്ലിക്കേഷൻ വഴിയും എഎച്ച്എഐ വെബ്സൈറ്റ് വഴിയും വാർഷികപാസ് എടുക്കാനാകും. വാഹൻ ഡേറ്റബേസിലെ വാഹനനമ്പർ പരിശോധിച്ച് ഏതുതരത്തിലുള്ള വാഹനമാണെന്നു നോക്കിയാണ് പാസ് അനുവദിക്കുക. വെരിഫിക്കേഷൻ പൂർത്തിയായി വാർഷികപാസിന് അർഹതയുണ്ടെന്നു കണ്ടെത്തിയാൽ 3000 രൂപ ഫീസ് അടച്ച് രജിസ്റ്റർചെയ്യാം. രണ്ടുമണിക്കൂറിനകം ഇതു പ്രാബല്യത്തിലാകുമെന്ന് അതോറിറ്റി അറിയിച്ചു.
നിലവിലുള്ള ഫാസ്ടാഗിൽത്തന്നെ വാർഷികപാസ് ആക്ടിവേറ്റ് ചെയ്യാം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടുത്തിയിട്ടുള്ള ഫാസ്ടാഗിൽ മാത്രമാകും സേവനം ലഭ്യമാകുക. വാർഷികപാസ് രജിസ്റ്റർചെയ്തശേഷം മറ്റുവാഹനങ്ങളിലൊട്ടിച്ച് ഉപയോഗിക്കാൻ കഴിയില്ല. അങ്ങനെ ഉപയോഗിച്ചാൽ പാസ് സ്വയം ഡീആക്ടിവേറ്റ് ആകും. രജിസ്റ്റർചെയ്ത വാഹനത്തിന്റെ മുന്നിലെ വിൻഷീൽഡ് ഗ്ലാസിൽത്തന്നെ ഫാസ്ടാഗ് ഒട്ടിക്കണമെന്നും എൻഎച്ച്എഐ വ്യക്തമാക്കുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
