
Perinthalmanna Radio
Date: 02-10-2024
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും ആർസിയും പ്രിന്റ് ചെയ്തു നൽകുന്നത് നിർത്തലാക്കുന്നു. ഇനി മുതൽ എല്ലാം പരിവാഹൻ വെബ് സൈറ്റ് വഴി ഡിജിറ്റലാക്കാനാണു തീരുമാനം. ആദ്യഘട്ടത്തിൽ ലൈസൻസിന്റെയും പിന്നീട് ആർസിയുടെയും അച്ചടി നിർത്തലാക്കും.
സംസ്ഥാനത്ത് നിലവിൽ ഡ്രൈവിങ് ടെസ്റ്റ് പാസായാൽ ലൈസൻസ് തപാലിൽ ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കണം. ആർസി ലഭിക്കുന്നത് 3 മാസത്തിനു ശേഷമാണ്. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം അച്ചടി മുടങ്ങുന്നതു പതിവായതോടെയാണ് തീരുമാനം.
ഇനി ടെസ്റ്റ് പാസായാൽ മണിക്കൂറുകൾക്കകം എം പരിവാഹൻ സൈറ്റിലെ സാരഥിയിൽനിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യാം. ഇതേ വെബ്സൈറ്റിൽ നിന്ന് വാഹനത്തിന്റെ രേഖകളും ഡൗൺലോഡ് ചെയ്ത് ഡിജിലോക്കറിൽ സൂക്ഷിക്കാം. നേരിട്ട് മൊബൈലിൽ സൂക്ഷിച്ചാലും മതി. വാഹന പരിശോധനാസമയത്ത് മൊബൈലിലെ രേഖകൾ കാണിച്ചാൽ ഉദ്യോഗസ്ഥന് ക്യുആർ കോഡ് സ്കാൻ ചെയ്തു വ്യക്തത വരുത്താം. ലൈസൻസ് റദ്ദാക്കിയതോ സസ്പെൻഡ് ചെയ്തതോ ആണോയെന്നു മനസ്സിലാക്കാനും കഴിയും. വാഹന ഉടമയ്ക്ക് വേണമെങ്കിൽ പ്രിന്റ് എടുത്തും സൂക്ഷിക്കാം.
പരിശോധനയ്ക്ക് ഫോണിലെ ഡിജിലോക്കറിലുള്ള വാഹനരേഖകൾ ഹാജരാക്കിയാൽ മതിയെന്നു നേരത്തേ ഡിജിപിയടക്കം ഉത്തരവിട്ടിരുന്നു. എന്നാൽ, ഇവ പകർപ്പായി മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നത്. ഡിജിലോക്കറിൽ സൂക്ഷിക്കുന്ന സോഫ്റ്റ് കോപ്പിയെ അസ്സൽ രേഖയായി പരിഗണിക്കാമെന്നാണ് പുതിയ നിർദേശം. ഇതോടെ വാഹനരേഖകൾ പൂർണമായും ഡിജിറ്റലിലേക്കു മാറുന്ന നാലാമത്തെ സംസ്ഥാനമാകും കേരളം.
സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഡിജിറ്റലായി ഫോണിൽ സൂക്ഷിക്കാനുള്ള മാർഗമാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിജിലോക്കർ ആപ്. ആധാർ, റേഷൻ കാർഡ്, പാൻ, കോവിഡ് സർട്ടിഫിക്കറ്റ്, സ്കൂൾ / സർവകലാശാലാ മാർക്ക് ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ് അടക്കം ഇതിലൂടെ ലഭ്യമാകും.
എങ്ങനെ?
∙ ആപ് സ്റ്റോറിൽനിന്ന് Digilocker ആപ് ഇൻസ്റ്റാൾ ചെയ്യുക.
∙ ഹോം പേജിൽ Get Started ഓപ്ഷനിലെ ക്രിയേറ്റ് അക്കൗണ്ട് തിരഞ്ഞെടുക്കുക. പേര്, ജനനത്തീയതി, ഫോൺ നമ്പർ, 6 അക്ക പിൻ നമ്പർ, ഇമെയിൽ, ആധാർ എന്നിവ നൽകുക. ഫോണിലെത്തുന്ന ആധാർ ഒടിപി നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം.
∙ ഹോം പേജിൽ ഇഷ്ടമുള്ള ഡോക്യുമെന്റ് തിരഞ്ഞെടുത്ത് അതിന്റെ നമ്പറും വിവരങ്ങളും നൽകി രേഖകൾ ഫോണിലേക്കെടുക്കാം. ആപ് എപ്പോൾ തുറന്നാലും രേഖകൾ അതിലുണ്ടാകും. ഉദാഹരണത്തിന് ലൈസൻസ് ആണെങ്കിൽ പേര്, ജനനത്തീയതി, ലൈസൻസ് നമ്പർ എന്നിവ നൽകിയാൽ മതി.
∙ ആപ്പിനു പുറമേ www.digilocker.gov.in വെബ്സൈറ്റും ഉപയോഗിക്കാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
