
Perinthalmanna Radio
Date: 02-11-2025
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലഡ് ബാങ്ക് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബ്ലഡ് ബാങ്ക് മാനേജ്‌മെന്റ് കമ്മിറ്റി ചെയർപഴ്‌സനുമായ എം.കെ.റഫീഖ നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ഷീനാ ലാൽ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് അത്യാധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാതൃ ശിശു ബ്ലോക്കിന്റെ മൂന്നാം നിലയിൽ ബ്ലഡ് ബാങ്കിന്റെ പുതിയ കെട്ടിടം നിർമിക്കുന്നത്.
1994 ഓഗസ്റ്റ് 15ന് പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എച്ച്എംസി, ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് എന്നിവയുടെ നേതൃത്വത്തിലാണ് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലയിലെ ആദ്യത്തെ ഈ രക്ത ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ പ്രധാന ബ്ലഡ് ബാങ്കുകളിൽ ഒന്നായ ഇവിടെ പ്രതിവർഷം 18000ത്തോളം യൂണിറ്റ് രക്തം സ്വീകരിക്കുകയും രക്ത ഘടകങ്ങൾ വേർതിരിച്ച് കാൽ ലക്ഷത്തോളം പേരുടെ ജീവൻ നില നിർത്തുകയും ചെയ്യുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു. രക്ത ബാങ്കിന്റെ ഭാവിയിലെ വളർച്ച കൂടി പരിഗണിച്ചാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ.കെ.സാലിം, നസീബ അസീസ്, എ.കെ.മുസ്തഫ, ഡോ.ദീപക് കെ. വ്യാസ്, ബ്ലഡ് ബാങ്ക് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ.കെ.പി.ഷറഫുദ്ദീൻ, ഡോ.വി.യു.സീതി, ഡോ.കെ.എ.സീതി, എ.കെ.നാസർ, കുറ്റീരി മാനുപ്പ, ഡോ.സയ്യിദ് ഫൈസൽ, ഇ.രാമചന്ദ്രൻ, കെ.അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
