
Perinthalmanna Radio
Date: 02-11-2025
വളാഞ്ചേരി : മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന, തൂതപ്പുഴയ്ക്ക് കുറുകേയുള്ള തിരുവേഗപ്പുറ പാലത്തിൽ അപകടാവസ്ഥയിലുള്ള വിള്ളൽ കണ്ടതിനെത്തുടർന്ന് പൊതുമരാമത്ത് അധികാരികൾ പാലത്തിൽ കർശന യാത്രാവിലക്കേർപ്പെടുത്തി. ശനിയാഴ്ച ചേർന്ന വിവിധ വകുപ്പധികാരികളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
ഇതനുസരിച്ച് രണ്ട് മീറ്റർ ഉയരമുള്ള വാഹനങ്ങൾ മാത്രമേ ശനിയാഴ്ച അർധരാത്രിമുതൽ കടത്തി വിടുകയുള്ളൂ. ഉയരത്തിന്റെ കൃത്യത അറിയുന്നതിന് റോഡിൽ ക്രോസ്ബാർ വെച്ച് പരിശോധനയുണ്ടാകും. വലിയ വാഹനങ്ങൾക്കൊന്നും പാലത്തിലേക്ക് പ്രവേശനമുണ്ടാവില്ല.
പാലത്തിന്റെ ഇരുപുറവുമായിരിക്കും ബസുകൾ സർവീസ് നടത്തുക. എന്നാൽ ആംബുലൻസുകൾക്കും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്കും നിയന്ത്രണങ്ങൾ ബാധകമല്ല. കാൽനടക്കാർക്ക് പ്രത്യേക സൗകര്യമൊരുക്കും. പാലം സുരക്ഷാ അതോറിറ്റി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോട്ടയ്ക്കൽ, പട്ടാമ്പി നിയോജകമണ്ഡലം എംഎൽഎമാരുടെ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് (പാലം) പാലക്കാട് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, ഓവർസിയർ, തിരൂർ, പട്ടാമ്പി തഹസിൽദാർമാർ, ആർടിഒമാർ, വളാഞ്ചേരി, കൊപ്പം പോലീസ്സ്റ്റേഷനുകളിലെ എസ്എച്ചഒ, എസ്ഐമാർ, ബസ് ഓണേഴ്സ് പ്രതിനിധികൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെയാണ് പാലത്തിലെ വിള്ളലുകൾ നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ ബന്ധപ്പെട്ട വകുപ്പധികൃതരെ അറിയിക്കുകയും പോലീസെത്തി പാലംവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയുമായിരുന്നു. വിള്ളലുള്ള ഭാഗത്തുകൂടിയുള്ള വാഹനയാത്ര പൂർണമായും ഒഴിവാക്കിയായിരുന്നു നിയന്ത്രണം. തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതോദ്യോഗസ്ഥരെത്തി വിശദമയായ പരിശോധന നടത്തി. ഇതേത്തുടർന്നാണ് ശനിയാഴ്ചത്തെ അവലോകനയോഗവും നിയന്ത്രണങ്ങളും കർശനായി നടപ്പാക്കിയത്.
പാലം ബലപ്പെടുത്തുന്നതുവരെ വളാഞ്ചേരിയിൽനിന്ന് പാലത്തിനപ്പുറത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പൂക്കാട്ടിരി വഴി പുലാമന്തോൾ പാലത്തിലൂടേയോ, മൂർക്കനാട് പാലംവഴിയോ പോകണം. തിരിച്ചുള്ളവർ കൊപ്പത്തുനിന്നോ നടുവട്ടത്തുനിന്നോ തിരിഞ്ഞ് മൂർക്കനാട് പാലം, പുലാമന്തോൾ പാലം ഇതിലേതെങ്കിലും വഴി വളാഞ്ചേരിയിൽ എത്തണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
