പ്രതീക്ഷയുടെ ചിറകിലേറി കോഴിക്കോട് വിമാനത്താവളം

Share to

Perinthalmanna Radio
Date: 03-01-2024

കരിപ്പൂർ ∙ പുതിയ രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകളുടെ വരവോടെ, പുതുവർഷദിനം മുതൽ വലിയ പ്രതീക്ഷകളിലേക്കു പറക്കുകയാണ് കോഴിക്കോട് വിമാനത്താവളം. 4 വർഷം മുൻപ് കരിപ്പൂർ വിട്ട ഇത്തിഹാദ് വിമാനക്കമ്പനി, കരിപ്പൂരിലേക്കു തിരിച്ചെത്തി. പുതുവർഷ ദിനത്തിൽ അബുദാബി –കോഴിക്കോട് സെക്ടറിൽ സർവീസ് ആരംഭിച്ചു. ഇന്നലെ  അബുദാബിയിൽനിന്ന്, പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ന് 150 യാത്രക്കാരുമായി പുറപ്പെട്ട വിമാനം രാത്രി 7.55ന് കരിപ്പൂരിലെത്തി.

വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ സ്വീകരിച്ചു. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന ചടങ്ങ് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് എയർപോർട്ട് മാനേജർ സി.കെ.ഹേമന്ദ്, എമിഗ്രേഷൻ, കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാട്ടർ സല്യൂട്ട് സ്വീകരണത്തിന് അഗ്നിരക്ഷാസേന അസിസ്റ്റന്റ് മാനേജർ വി.കെ.സുനിൽ നേതൃത്വം നൽകി.

ഈ വിമാനം 158 യാത്രക്കാരുമായി രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു മടങ്ങി. 2020 മാർച്ചിലാണു കരിപ്പൂരിൽനിന്ന് ഇത്തിഹാദ് വിമാനക്കമ്പനി സർവീസ് താൽക്കാലികമായി നിർത്തിയത്. 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് നടത്തിയത്. 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 വിമാനവും ഈ സെക്ടറിൽ സർവീസിന് ഇത്തിഹാദ് ഉപയോഗിക്കുന്നുണ്ട്. എല്ലാ ദിവസവും രാത്രി 7.55ന് എത്തി 9.30ന് മടങ്ങുന്ന രീതിയിലാണ് സർവീസ്. മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ മധുരം നൽകി ആദ്യവിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചു.

കരിപ്പൂരിലേക്ക് കൂടുതൽ വിമാനങ്ങൾ

കരിപ്പൂർ കേന്ദ്രീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്നുണ്ട്. കോഴിക്കോട് –ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് ഈ മാസം 16 മുതൽ തുടങ്ങും. തിരുവനന്തപുരം –കോഴിക്കോട് സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കൻ എയർലൈൻസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികളും നേരത്തേ സർവീസ് നിർത്തിയ സൗദി എയർലൈൻസ്, എമിറേറ്റ്സ് വിമാനക്കമ്പനികളും കരിപ്പൂരിലേക്കു സർവീസ് പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പുതിയ കണക്കിൽ രാജ്യത്തെ പൊതുമേഖലാ വിമാനത്താവളങ്ങളിൽ ലാഭത്തിൽ മൂന്നാമതാണ് കോഴിക്കോട് വിമാനത്താവളം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ദിവസങ്ങൾക്കു മുൻപ് പുറത്തുവിട്ട, കോഴിക്കോട് വിമാനത്താവളത്തിന്റെ വളർച്ചാ കണക്കും പ്രതീക്ഷയേകുന്നു. 4 വർഷത്തിനിടെ രാജ്യാന്തര വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം കരിപ്പൂരിൽ കുത്തനെ കൂടിയിട്ടുണ്ട്.

2020ൽ ഒരു മാസം ശരാശരി 484 രാജ്യാന്തര വിമാനങ്ങളുടെ പോക്കുവരവുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2023ൽ 1334 ആയി ഉയർന്നു. 2020ൽ ഒരു മാസത്തെ യാത്രക്കാരുടെ എണ്ണം 70,782 ആയിരുന്നു. 2023ൽ 2 ലക്ഷം കടന്നു.വലിയ വിമാന സർവീസുകൾക്കായി റൺവേ അനുബന്ധ വികസന നടപടി തുടങ്ങിക്കഴിഞ്ഞു. സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകി. എയർപോർട്ട് അതോറിറ്റി ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *