
Perinthalmanna Radio
Date: 03-01-2026
ക്രിസ്‌മസ്, പുതുവർഷ അവധിക്കാലം അവസാനിക്കാനായതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് രൂക്ഷം. അവധി തുടങ്ങിയത് മുതൽ ആരംഭിച്ച ഗതാഗതക്കുരുക്ക് രണ്ടു ദിവസമായി കൂടുതൽ രൂക്ഷമായി . വെള്ളി, ശനി ദിവസങ്ങളിൽ ചുരത്തിലെ റോഡുകളിൽ ഇരു വശങ്ങളിലുമായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
ഏഴാം വളവിൽ കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയി കുടുങ്ങിയിരുന്നു. പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തരുമെത്തി ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ വാഹനങ്ങൾ എത്തിയത് കുരുക്ക് വർധിക്കാൻ ഇടയായി. ഭാരവാഹനങ്ങൾ ബ്രേക്ക് ഡൗൺ ആവുന്നതും നിത്യ കാഴ്ചയാണ്.
അവധിക്കാലത്ത് ഊട്ടി, മൈസൂർ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും വയനാട്ടിലുമായി വിനോദ യാത്ര പോയവർ മടക്കയാത്ര തുടങ്ങിയതോടെ ചുരത്തിൽ വാഹനത്തിരക്കും വർധിച്ചു.
സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മണിക്കൂർ വരെ എടുക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട സംഘം രാത്രിയിൽ 12 മണിക്ക് ചുരത്തിന് മുകളിലെത്തിയിട്ടും പുലർച്ചെ ആറിന് മാത്രമേ താഴെ എത്താൻ കഴിഞ്ഞുള്ളുവെന്ന് പരാതിപ്പെട്ടു.
ചുരത്തിലെ ഇടുങ്ങിയ റോഡും, ദുർഘടമായ പാതയും, ഒപ്പം അവധിക്കാലത്തെ വാഹനപ്പെരുപ്പവുമായതോടെ ചുരം റോഡുവഴിയുള്ള ഗതാഗതം വലിയ ദുരിതമായി മാറിയിരിക്കുകയാണ്. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശുപത്രി, വിമാനത്താവളം ഉൾപ്പെടെ അടിയന്തര ആവശ്യക്കാരായ യാത്രക്കാർക്കാണ് ചുരത്തിലെ ഗതാഗത പ്രശ്നം ഏറെ ദുരിതമായി മാറുന്നത്.
രാവിലെയും രാത്രിയുമെല്ലാം അടിവാരം മുതൽ, ചുരത്തിന് മുകൾ വരെ നീണ്ടു നിൽക്കുന്ന പാതയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് നിത്യകാഴ്ചയായി മാറി.
വലിയ ചരക്ക് ലോറികളും മറ്റും സമയക്രമം പാലിക്കാതെ എത്തുന്നതും, വാഹനങ്ങൾ ലൈൻ മറികടന്ന് കയറിപ്പോകുന്നതും കുരുക്ക് സങ്കീർണ്ണമാക്കുന്നു.
അതേസമയം, അവധിക്കാലം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, വെള്ളി, ശനി ദിവസങ്ങളിൽ വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹവും തുടരുകയാണ്. വയനാടിന്റെ ഉത്സവമായ രാജ്യാന്തര പുഷ്പമേള (പൂപ്പൊലി) അമ്പലവയലിൽ ആരംഭിച്ചതും സന്ദർശക പ്രവാഹം പതിന്മടങ്ങ് വർധിക്കാൻ കാരണമായി. പുഷ്പമേള 15 വരെ നീണ്ടു നിൽക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
