
Perinthalmanna Radio
Date: 03-01-2026
വളാഞ്ചേരി : അറ്റകുറ്റ പണികൾക്കായി തിരുവേഗപ്പുറ പാലം വെള്ളിയാഴ്ച പുലർച്ചയോടെ അടച്ചു. മലപ്പുറം -പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും വളാഞ്ചേരി – കൊപ്പം റൂട്ടിലെ പ്രധാന പാലവുമാണിത്. ഒന്നര മാസം മുമ്പ് പാലത്തിന്റെ ഒരു വശത്ത് കുഴികളും വിള്ളലും രൂപപ്പെട്ടിരുന്നു. ഇതേ തുടർന്ന് പാലം വഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.
കോട്ടക്കൽ, പട്ടാമ്പി എം.എൽ.എമാർ ഇടപെട്ടതിനെ തുടർന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംഘം പാലം വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിള്ളൽ കണ്ടെത്തിയ ഭാഗം സ്റ്റീൽ ഗാർഡറുകൾ സ്ഥാപിച്ച് ബലപ്പെടുത്തുവാനും പാലത്തിന്റെ ഫൗണ്ടേഷൻ ഉൾപ്പെടെ ബലപ്പെടുത്തി ഉപരിതലത്തിലെ മുഴുവൻ അറ്റകുറ്റ പ്രവൃത്തികളും നടത്തുവാനും തീരുമാനിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവർത്തനം വൈകുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഇരിമ്പിളിയം കൊടുമുടിയിൽ നടന്ന യോഗത്തിലാണ് പാലത്തിന്റെ നവീകരണത്തിനായി ജനുവരി ഒന്ന് അർധരാത്രി മുതൽ ഒരു മാസത്തേക്ക് പാലം അടച്ചിടുവാൻ തീരുമാനിച്ചത്.
പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന പ്രവർത്തനമാണ് ആദ്യം നടത്തുക. തുടർന്ന് ഉപരിഭാഗത്തെ പ്രവർത്തനങ്ങൾ നടത്തും. നവീകരണ പ്രവൃത്തികൾ കഴിയുന്നത് വരെ പാലം വഴി കാൽനടയാത്ര മാത്രമേ അനുവദിക്കൂ. വളാഞ്ചേരി ഭാഗത്തു നിന്ന് പട്ടാമ്പി, പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൂക്കാട്ടിരി, മൂർക്കനാട് പൂലാമന്തോൾ പാലം വഴി കടന്നു പോകണം. കൊപ്പം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ പൂലാമന്തോൾ വഴി പോവണം. വളാഞ്ചേരി, പട്ടാമ്പി ഭാഗത്തു നിന്നുള്ള ബസുകൾ പാലത്തിന്റെ ഇരു ഭാഗത്തു വരെ സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാർ പാലത്തിലൂടെ നടന്ന് അടുത്ത ബസിൽ കയറി തുടർ യാത്ര ചെയ്യണം. തിരുവേഗപ്പുറയിൽ നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങളിൽ വരുന്ന സ്ഥിരം യാത്രക്കാരിൽ പലരും അവരുടെ വാഹനം കൊടുമുടി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയോടെ കൊണ്ടു വെച്ചിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
