വകുപ്പുമേധാവികളും ഉദ്യോഗസ്ഥരുമില്ല; പെരിന്തൽമണ്ണയിൽ ‌താലൂക്ക് സഭാ പ്രഹസനം

Share to

Perinthalmanna Radio
Date: 03-02-2025

പെരിന്തൽമണ്ണ:  വകുപ്പു മേധാവികളും ഉദ്യോഗസ്ഥരുമില്ലാതെ പെരിന്തൽമണ്ണ താലൂക്ക് സഭാ യോഗം പ്രഹസനമാകുന്നു. ഇന്നലെ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയ കക്ഷി പ്രതിനിധികളും ഉൾപ്പെടെ 31 പേരാണ് പങ്കെടുത്തത്. താലൂക്കിലെ പ്രധാന ഉദ്യോഗസ്ഥർ മാത്രമായി 80 ലേറെ പേർ പങ്കെടുക്കേണ്ട യോഗമാണിത്.

മാസത്തിലെ ആദ്യ ശനിയാഴ്‌ച നടക്കുന്ന യോഗത്തിൽ ഉദ്യോഗസ്ഥർ എത്താത്തതു സംബന്ധിച്ച് കലക്‌ടർക്കും വിവിധ വകുപ്പുമേധാവികൾക്കും കത്ത് നൽകുമെന്ന് തഹസിൽദാർ ഹാരിസ് കപ്പൂർ യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം താലൂക്ക് സഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന് വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം.മുസ്‌തഫ പറഞ്ഞു.

ചില ഓഫിസുകളിൽ നിന്ന് ഏറ്റവും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരെ അയയ്‌ക്കുന്നതു മൂലം കാര്യക്ഷമമായി ഇടപെടാനാകുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. ഇന്നലെ നടന്ന യോഗത്തിൽ മങ്കട, പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎമാരോ അവരുടെ പ്രതിനിധികളോ എത്തിയില്ല. പഞ്ചായത്ത് പ്രസി‍ഡന്റുമാരുടെ എണ്ണവും നാമമാത്രമായി.

പഞ്ചായത്ത് സെക്രട്ടറിമാർ ആരും എത്തിയില്ല. ചില വകുപ്പുകളിൽ നിന്ന് പ്രതിനിധികൾ പോലും ഉണ്ടായില്ല. തൂതപ്പുഴയിൽ ഒട്ടേറെ പ്രയാസങ്ങൾ സൃഷ്‌ടിക്കുന്ന പുൽക്കാടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യമുയർന്നു. പുൽക്കാടുകളിലാണ് പന്നിക്കൂട്ടങ്ങൾ വന്നുകൂടുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.

മേലാറ്റൂർ–പുലാമന്തോൾ റോഡിന്റെ നവീകരണത്തിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് ഹംസ പാലൂർ ആവശ്യപ്പെട്ടു.

ജനുവരി മാസത്തെ റേഷൻ ഇനിയും ഒട്ടേറെ പേർക്ക് ലഭിക്കാനുള്ളതിനാൽ വിതരണ കാലാവധി ഫെബ്രുവരി 10 വരെ ദീർഘിപ്പിക്കണമെന്ന് താലൂക്ക് സഭ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജില്ലാ സപ്ലൈ ഓഫിസർക്ക് കത്ത് നൽകും.

ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡ് ഉയർത്തിയതോടെ നിലവിലെ ഡിവൈഡർ താഴ്ന്നു കിടക്കുന്നത് അപകടത്തിന് ഇരയാക്കുന്നുണ്ടെന്ന് ആക്ഷേപം ഉയർന്നു. വയലുകളിൽ നെല്ല് കൊയ്‌ത്ത് തുടങ്ങിയ സാഹചര്യത്തിൽ നെല്ല് സംഭരണം വേഗത്തിലാക്കണമെന്ന് ഹംസ പാലൂർ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്‌തഫ ആധ്യക്ഷ്യം വഹിച്ചു. മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി.അബ്‌ദുൽ കരീം, എൽആർ തഹസിൽദാർ എ.വേണുഗോപാൽ, ഡപ്യൂട്ടി തഹസിൽദാർ മണികണ്ഠൻ രാധാമോഹനൻ, എൻ.പി.ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *