തൂതയില്‍ പാലം നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

Share to


Perinthalmanna Radio
Date: 03-02-2026

പെരിന്തൽമണ്ണ : മുണ്ടൂർ- ചെർപ്പുളശ്ശേരി- പെരിന്തല്‍മണ്ണ റോഡില്‍ തൂത ജംഗ്ഷനില്‍ പുതിയ പാലത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.

പാലത്തിന്റെ ഗർഡറുകളെല്ലാം കഴിഞ്ഞ മാസം തന്നെ പൂ‌ർണമായും സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലുള്ള കോണ്‍ക്രീറ്റിംഗ് ആണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ആറ് തൂണുകളിലായി 18 ഗർഡറുകളാണ് സ്ഥാപിച്ചത്. കോണ്‍ക്രീറ്റിംഗ് പൂർത്തിയാകുന്നതോടെ പാലം തൂതപ്പുഴയുടെ ഇരുകരകളുമായി ബന്ധിക്കും.

10 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലുമാണ് പുതിയ പാലം ഒരുങ്ങുന്നത്. നിലവിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിലൂടെ ഒരേ സമയം വലിയ വാഹനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും പോകാനാകില്ല. അതിനാല്‍ ഇവിടെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുണ്ട്. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും.

പാലം നിർമ്മാണം അവസാന ഘട്ടത്തിലെത്തിയെങ്കിലും ഈ മാസം ഇത് ഉദ്ഘാടനം ചെയ്യാനാകില്ലെന്നാണ് അധികൃതർ നല്‍കുന്ന സൂചന. കോണ്‍ക്രീറ്റിംഗ് പൂർത്തി ആയാലും കൈവരി നിർമ്മാണം ഉള്‍പ്പെടെ ഒട്ടേറെ ജോലികള്‍ പൂർത്തീകരിക്കേണ്ടതുണ്ട്. അതേസമയം അടുത്ത മഴക്കാലത്തിനു മുമ്പ് പുതിയ പാലം പണി പൂർത്തീകരിച്ച്‌ പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മുണ്ടൂർ-തൂത റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 90 വർഷത്തിലേറെ പഴക്കമുള്ള പഴയ തൂത പാലത്തിനു സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്.

പാലം നിർമ്മാണത്തിനായി പുഴയിലെ വെള്ളം മുഴുവൻ തടഞ്ഞുനിർത്തി ഓവുചാലിലൂടെ മാത്രമാണ് നിലവില്‍ വെള്ളം കടത്തിവിടുന്നത്. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍ നിന്ന് 364 കോടി രൂപ ചെലവിട്ടുള്ള മുണ്ടൂർ-തൂത റോഡിന്റെ നിർമ്മാണ പ്രവർത്തികളില്‍ ഉള്‍പ്പെടുത്തിയാണ് പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം നടത്തുന്നത്. ഇവിടെ വരെ നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇതിനൊപ്പം പാലം നിർ‌മ്മാണം കൂടി പൂർത്തിയാകുന്നതോടെ പാലക്കാട് നിന്ന് മറ്റു റൂട്ടുകളെ അപേക്ഷിച്ച്‌ പാലക്കാട് നിന്ന് മുണ്ടൂർ, കോങ്ങാട്, കടമ്പഴിപ്പുറം, ചെർപ്പുളശ്ശേരി, തൂത, പെരിന്തല്‍മണ്ണ വഴി മലപ്പുറത്തേക്കും കോഴിക്കോട്ടേക്കുമുള്ള ദൂരം 10 കിലോമീറ്ററോളം കുറയും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *