
Perinthalmanna Radio
Date: 03-04-2025
അങ്ങാടിപ്പുറം : വള്ളുവനാടിന്റെ മഹോത്സവമായ തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരംപുറപ്പാട് വ്യാഴാഴ്ച നടക്കും. 11 ദിവസം നീളുന്ന പൂരം 13-ന് സമാപിക്കും. രാവിലെ പത്തിനാണ് ഭഗവതിയുടെ ആദ്യ ആറാട്ടെഴുന്നള്ളിപ്പായ പൂരംപുറപ്പാട്. ഭഗവതി പരിവാരസമേതം വാദ്യഘോഷങ്ങളുടെയും കൊടിതോരണങ്ങളുടെയും വാളും പരിചയുമേന്തിയ രാജകുടുംബാംഗങ്ങളുടെയും കോമരങ്ങളുടെയും ഭക്തരുടെയും അകമ്പടിയോടെ വടക്കേനട ഇറങ്ങും.
രാവിലെ എട്ടിന് കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്ത്. തുടർന്ന് കൂത്ത് പുറപ്പാട്. ഒൻപതിന് നടക്കുന്ന പന്തീരടിപൂജയ്ക്കും പുറപ്പാട് പൂജയ്ക്കും ശേഷമാണ് നാലമ്പലത്തിൽനിന്ന് പൂരം കൊട്ടിപ്പുറപ്പെടുക. 11-ന് ആറാട്ടിനുശേഷം കൊട്ടിക്കയറ്റമെന്ന തിരിച്ചെഴുന്നള്ളിപ്പ്. ഉച്ചപ്പൂജയ്ക്കുശേഷം ശ്രീഭൂതബലിയോടെ രാവിലത്തെ പൂരച്ചടങ്ങുകൾ സമാപിക്കും.
പൂരത്തലേന്ന് ബുധനാഴ്ച രാവിലെ ശ്രീമൂലസ്ഥാനത്ത് ലളിതാസഹസ്രനാമ ലക്ഷാർച്ചനയായിരുന്നു പ്രധാന പരിപാടി. സന്ധ്യക്ക് ശ്രീദേവി ബാലകൃഷ്ണ നൃത്താർച്ചന അവതരിപ്പിച്ചു. രാത്രി വിശേഷാൽ രോഹിണി കളംപാട്ടുണ്ടായി. തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മേൽശാന്തി പന്തലക്കോട്ടത്ത് ദാമോദരൻ നമ്പൂതിരി രോഹിണി കളംപൂജ നിർവഹിച്ചു. കാശിനാഥകുറുപ്പ്, മണികണ്ഠകുറുപ്പ് എന്നിവർ കളംപാട്ട് ആലപിച്ചു.
പൂരാഘോഷത്തിന്റെ വരവറിയിച്ച് പൂതങ്ങളും ആണ്ടിപൂതങ്ങളും ക്ഷേത്രത്തിലെത്തി കിഴക്കേനടയിൽ നൃത്തച്ചുവടുകളോടെ കുമ്പിട്ടു തൊഴുതു. തെക്കേനടയിൽ ആനക്കോപ്പുകൾ പ്രദർശിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
