
Perinthalmanna Radio
Date: 03-04-2025
മേലാറ്റൂർ : വിൽപ്പനയ്ക്കായി പച്ചക്കറി കടയിൽ സൂക്ഷിച്ച ഒന്നേകാൽ കിലോ കഞ്ചാവും വേട്ടയ്ക്കായി ഉപയോഗിക്കുന്ന രണ്ടു നാടൻതോക്കുകളും അഞ്ചു തിരകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടത്തൂർ മണ്ണാർമല കിഴക്കേത്തല കിളിയേങ്ങൽ ഷറഫുദ്ദീനെ(40)യാണ് മേലാറ്റൂർ പോലീസ് അറസ്റ്റ്ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എം. ഗോപകുമാർ, ഡാൻസാഫ് എസ്ഐ ബിബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.
വെട്ടത്തൂർ ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷറഫുദ്ദീന്റെ കടയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവും അത് തൂക്കാനുപയോഗിച്ച തുലാസും ഒരു നാടൻതോക്കും തിരകളും കണ്ടെടുത്തത്.
തുടർ പരിശോധനയിലാണ് കടയ്ക്കു പുറകിൽ നിർത്തിയിട്ട ഷറഫുദ്ദീന്റെ ജീപ്പിനുള്ളിൽ നിന്ന് മറ്റൊരു തോക്കുകൂടി കണ്ടുകിട്ടിയത്. വേട്ടയ്ക്കുപയോഗിക്കുന്ന തോക്കുകളും തിരകളുമാണ് കണ്ടെടുത്തതെന്ന് പേലീസ് പറഞ്ഞു. അനധികൃതമായി തോക്കും തിരകളും കൈവശംവെച്ചതിനും വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചതിനും കേസ് രജിസ്റ്റർചെയ്തു. മേലാറ്റൂർ സ്റ്റേഷനിലെ എഎസ്ഐമാരായ ഫക്രുദ്ദീൻ അലി, സിന്ധു, വിനോദ്, സിപിഒമാരായ പ്രമോദ്, ഷിജു, ചന്ദ്രദാസ്, രാജേഷ്, അബുൾ ഫസൽ, ജിജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
