
Perinthalmanna Radio
Date: 03-05-2025
പട്ടിക്കാട്: വർഷങ്ങളായി പുള്ളിപ്പുലി വിഹരിക്കുന്ന മണ്ണാർമല ഗ്രാമത്തിന് വീണ്ടും ഭീതിയുടെ നാളുകൾ. പുള്ളി പുലിയുടെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാരും വാഹന യാത്രക്കാരും ഭീതിയിലാണ്. പെരിന്തൽമണ്ണ- കാര്യവട്ടം പാതക്ക് സമീപം രണ്ടാം തവണയാണ് പുലിയുടെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിയുന്നത്. പെരിന്തൽമണ്ണ ടൗണിൽ നിന്ന് മണ്ണാർമല മാട് റോഡ് വഴി വെട്ടത്തൂർ, അലനല്ലൂർ, മേലാറ്റൂർ, കരുവാരകുണ്ട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പ പാതയാണിത്. നൂറു കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ നിരവധി തവണ പുലിയെ കണ്ടതായി വാഹന യാത്രക്കാരും റബർ ടാപ്പിങ് തൊഴിലാളികളും പറഞ്ഞിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽ പാടുകളും പല ഭാഗങ്ങളിലായി കണ്ടെത്തിയിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്ന് പലതവണ ഇവിടെ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും പുലി വീണില്ല. മല മുകളിൽ നായയെ പാതി ഭക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. പുലി സ്‌ഥിരമായി കടന്നു പോകുന്നത് പൊന്തക്കാടുകൾക്ക് ഇടയിലൂടെ ചെറിയ നട വഴിയിലൂടെയാണ്. ഇവിടെ വലക്കെണി സ്‌ഥാപിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പുലിയെ പിടികൂടി നാടിന്റെ ഭീതിയകറ്റാൻ വനം വകുപ്പ് തയാറാകണമെന്ന് വാർഡ് മെംബർ ഹൈദർ തോരപ്പ ആവശ്യപ്പെട്ടു.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ