
Perinthalmanna Radio
Date: 03-10-2025
മങ്കട : തിരൂർക്കാട്- ആനക്കയം റോഡിൽ പാച്ച് വർക്ക് പൂർത്തിയാക്കാത്തത് മൂലം പൊടിയിൽ മുങ്ങി വ്യാപാരസ്ഥാപനങ്ങളും യാത്രക്കാരും. ചെറിയ കുഴികൾ അടച്ചു പോയെങ്കിലും വലിയ കുഴികളും ക്വാറി വേസ്റ്റ് ഇട്ട ഭാഗങ്ങളുമാണ് ഇനിയും പാച്ച് വർക്ക് നടത്താൻ ഉള്ളത്. പാച്ച് വർക്ക് ഒച്ചിഴയും വേഗത്തിൽ ആയതിനാൽ ദുരിതം തീരാൻ ഇനിയും ഒട്ടേറെ ദിവസങ്ങൾ കാത്തിരിക്കണം.
കുഴികൾ വലിയ ബോളറും ടാറും ഉപയോഗിച്ച് നികത്തി പോയിട്ടേ ഉള്ളൂ. അതിനു മുകളിലുള്ള വർക്ക് ഇനിയും പൂർത്തിയായിട്ടില്ല. 96 ലക്ഷം രൂപ വകയിരുത്തി പാച്ച് വർക്കിന് അനുമതി നൽകിയിട്ട് മാസങ്ങളായി. തകർന്ന റോഡിൽ ദുരിതയാത്ര നടത്തി ജനങ്ങളുടെ ക്ഷമ നശിച്ചിട്ടുണ്ട്. ഇതിനിടെയാണ് പാതിവഴിയിൽ പാച്ച് വർക്ക് നിർത്തിവച്ചിരിക്കുന്നത്.
മങ്കട മേലേ അങ്ങാടിയിൽ വടക്കാങ്ങര റോഡ് തിരിയുന്ന ഭാഗത്ത് വലിയ കുഴിയിൽ ക്വാറി വേസ്റ്റ് ഇട്ടത് മൂലം പൊടിപടലങ്ങൾ കൊണ്ട് മേലെ അങ്ങാടി നിറഞ്ഞിരിക്കുകയാണ്. വ്യാപാരികൾ പൊടി ശല്യത്തെ തുടർന്ന് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ അവരുടെ മുൻവശങ്ങളിലെ റോഡിലെ കുഴികളിൽ രാവിലെയും വൈകുന്നേരവും വെള്ളം നനച്ചാണ് പൊടിപാറാതെ കച്ചവടം നടത്തിക്കൊണ്ടുപോകുന്നത്.
ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുമ്പോൾ ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരും പൊടിയിൽ മുങ്ങി കുളിച്ചാണ് യാത്ര ചെയ്യുന്നത്. ഇതിനിടെ ഇടയ്ക്കു പെയ്യുന്ന മഴ പൊടിക്ക് ശമനം നൽകുന്നുണ്ടെങ്കിലും തൊട്ടടുത്ത വെയിലിൽ വീണ്ടും പൊടി ശല്യം അധികരിക്കുകയാണ്. എത്രയും വേഗം റോഡ് പണി പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
