
Perinthalmanna Radio
Date: 03-11-2025
പെരിന്തൽമണ്ണ: കിഫ്ബി രാമഞ്ചാടി- അലിഗഢ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നു. കുടിവെള്ള പദ്ധതി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് ഉച്ചക്ക് 12ന് പെരിന്തല്‍മണ്ണ നഗരസഭാ കാര്യാലയ പരിസരത്ത് ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിക്കും, ഏലംകുളം, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകളിലേക്കും അങ്ങാടിപ്പുറം പഞ്ചായത്തിലേക്കും ശുദ്ധജല വിതരണം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തുള്ള അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കും ആവശ്യമായ ശുദ്ധജലം വിതരണം സാധ്യമാക്കുന്നതാണ് പദ്ധതി. തൂത പുഴ സോത്രസായിട്ടുള്ള ഈ പദ്ധതിക്ക് 2017-18 വര്‍ഷത്തെ കിഫ്ബി പദ്ധതിയില്‍ 82.52 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയില്‍ കിണറും പമ്പ് ഹൗസും അലിഗഢ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ 23 എം.എല്‍.ഡി ശേഷിയുള്ള ശുദ്ധീകരണ ശാല, 12 ലക്ഷം ലിറ്റര്‍ ഉന്നതതല സംഭരണി, റോ വാട്ടര്‍ ബൂസ്റ്റര്‍, ക്ലിയര്‍ വാട്ടര്‍ പമ്പിംഗ് മെയിന്‍, പമ്പ് സെറ്റ്, ട്രാന്‍സ്ഫോമര്‍ എന്നിവയും പെരിന്തല്‍മണ്ണ നഗരസഭയിലെ പാതായിക്കരയിലും, കുന്നപ്പള്ളിയിലുമുള്ള നിലവിലെ സംഭരണികളിലേക്കും ഏലംകുളം പഞ്ചായത്തിലെ പെരുമ്പറമ്പ് സംഭരണിയിലേക്കുമുള്ള ക്ലിയര്‍ വാട്ടര്‍ ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കുന്ന പ്രവൃത്തികളും പെരിന്തല്‍മണ്ണ നഗരസഭയിലെ വിതരണ ശൃംഖല പുതുക്കി സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്.
നജീബ് കാന്തപുരം എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി മുഖ്യാഥിതിയാകും. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി സ്വാഗതം ആശംസിക്കുകയും ചെയ്യുന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ നഗരസഭ, ഏലംകുളം, ആലിപ്പറമ്പ്, പുലാമന്തോള്‍ പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
