
Perinthalmanna Radio
Date: 03-12-2025
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആറില്‍ നിന്ന് അഞ്ചായി കുറയ്ക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി സർവീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച ഓണ്‍ലൈനായി വിളിച്ചുചേർക്കും. ഭരണ പരിഷ്കാര കമ്മീഷനും ശമ്ബള കമ്മീഷനും നേരത്തെ ഈ ശുപാർശ നല്‍കിയിരുന്നു.
പ്രവൃത്തി ദിനം അഞ്ചാക്കുന്നതിനൊപ്പം ദിവസേന ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കണം എന്നാണ് പ്രധാന നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനോട് സർവീസ് സംഘടനകള്‍ക്ക് എതിർപ്പില്ല. എന്നാല്‍ പൊതു അവധി ദിനങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്ന നിർദ്ദേശത്തോടാണ് സംഘടനകള്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നത്.
നിലവില്‍ മാസത്തിലെ രണ്ടാം ശനിയും ഞായറും മാത്രമാണ് അവധി. പുതിയ ശുപാർശ അംഗീകരിക്കുകയാണെങ്കില്‍ എല്ലാ ശനിയും ഞായറും സർക്കാർ ജീവനക്കാർക്ക് അവധിയാകും. നിലവില്‍ ഏഴ് മണിക്കൂറാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ചുവരെയുമാണ്.
പ്രവൃത്തി ദിവസങ്ങളില്‍ കാലത്തും വൈകിട്ടുമായി പ്രവൃത്തി സമയം ഒന്നരമണിക്കൂർ കൂടി ദീർഘിപ്പിച്ചാല്‍ ഏഴര മണിക്കൂർ ലഭിക്കും. നിലവില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിച്ച് വൈകിട്ട് 5.30 അല്ലെങ്കില്‍ 5.45 വരെ നീളേണ്ടി വരും. സ്കൂള്‍ സമയമടക്കമുള്ള ഘടകങ്ങള്‍ പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
