
Perinthalmanna Radio
Date: 04-02-2025
സംസ്ഥാന പാതകളിലും ടോൾപിരിവ് നടത്തി വരുമാനമുണ്ടാക്കാനുള്ള വഴിതേടി സംസ്ഥാന സർക്കാർ. കിഫ്ബിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന 50 കോടിരൂപയോ അതിനു മുകളിലോ മുതൽമുടക്കുള്ള പാതകളിലായിരിക്കും ടോൾ ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച നിയമനടപടികളുമായി മുന്നോട്ടുപോവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം കിഫ്ബിക്ക് അനുമതി നൽകി.
റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തലവികസനപദ്ധതികളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള സാധ്യതാപഠനം നടത്തിവരുകയാണ് കിഫ്ബി. റിപ്പോർട്ട് വൈകാതെ സർക്കാരിന് സമർപ്പിക്കും. ദേശീയപാതകളിൽ ടോൾ ഈടാക്കുന്ന ദേശീയപാതാ അതോറിറ്റിയുടെ അതേ മാതൃകയിലാണ് സംസ്ഥാനപാതകളിൽനിന്ന് വരുമാനമുണ്ടാക്കാനുള്ള കിഫ്ബിയുടെ നീക്കം.
നിലവിൽ 1117 പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ടിട്ടുള്ള 500 റോഡുകളിൽ 30 ശതമാനം പദ്ധതികൾ 50 കോടിക്കുമുകളിൽ മുതൽമുടക്കുള്ളതാണ്. ഇതിൽനിന്ന് വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചാൽ ഈ റോഡുകളിലെല്ലാം ടോൾ ഈടാക്കിത്തുടങ്ങും.
വൻതോതിൽ വായ്പയെടുത്താണ് കിഫ്ബി പദ്ധതികൾ നടപ്പാക്കുന്നത്. ഈ വായ്പ കേന്ദ്രം കടപരിധിയിൽ ഉൾപ്പെടുത്തിയതോടെ, കിഫ്ബി പദ്ധതികൾക്ക് സംസ്ഥാനസർക്കാർ പണംമുടക്കേണ്ട സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് ടോൾപിരിവിനുള്ള നീക്കം. പശ്ചാത്തല വികസനപദ്ധതികൾവഴി വരുമാനമുണ്ടാക്കാൻ കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കിഫ്ബിവായ്പ കേന്ദ്രം കടപരിധിയിൽ ഉൾപ്പെടുത്തിയപ്പോഴും സമാനമായി വായ്പയെടുത്തുനിർമിക്കുന്ന ദേശീയപാതയിൽ ടോൾ പിരിക്കുന്നുണ്ട്. സ്കൂളുകൾക്കും ആശുപത്രികൾക്കും കിഫ്ബി കെട്ടിടം നിർമിച്ചു നൽകുന്നുണ്ടെങ്കിലും അതിൽനിന്ന് വരുമാനമുണ്ടാക്കാൻ വഴിയില്ല. അതിനാലാണ്, ദേശീയപാതകളിലേതുപോലെ, സംസ്ഥാനപാതകളിൽ ടോൾ ഈടാക്കാനുള്ള കിഫ്ബിയുടെ പദ്ധതി. പുതിയ ധനസമാഹരണമാർഗം ബജറ്റിൽ പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല.
ദേശീയപാതകളിലേതുപോലെ ടോൾ ഗേറ്റുകൾ സ്ഥാപിച്ച് ടോൾ ഈടാക്കുന്ന രീതി കിഫ്ബി പാതകളിലുണ്ടാവില്ല. പകരം, പ്രത്യേകം ക്യാമറകൾ സ്ഥാപിക്കും. ഫാസ്ടാഗ് പോലെ ടോൾ ഈടാക്കാനുള്ള ഓൺലൈൻ സംവിധാനവും ഒരുക്കും
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
