
Perinthalmanna Radio
Date: 04-02-2025
പെരിന്തൽമണ്ണ∙ പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ മാനത്തുമംഗലം ജംക്ഷനടുത്ത് മുണ്ടത്ത് പാലത്തിന് സമീപം സ്ക്കൂട്ടര്‍ താഴ്ചയിലേക്കു മറിഞ്ഞു. പാലത്തിനോട് ചേർന്നുള്ള റോഡരികിലെ കുഴിയിലേക്കാണ് സ്ക്കൂട്ടര്‍ ഉൾപ്പെടെ സ്ക്കൂട്ടര്‍ യാത്രക്കാരന് മറിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മാണിയോടെയാണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്ത് നിന്നും മാനത്ത്മംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു സ്ക്കൂട്ടര്‍ യാത്രക്കാരൻ. നാട്ടുകാരും സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാരും ചേർന്ന് കുഴിയില്‍ നിന്ന് സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തി.
2023 സെപ്തംബര്‍ മാസത്തില്‍ മുണ്ടത്ത് പാലത്തിന് സമീപം പെട്രോളുമായെത്തിയ ടാങ്കർ ലോറി താഴ്ചയിലേക്കു മറിഞ്ഞ് അന്ന് വലിയ തോതിൽ പെട്രോൾ ചോർച്ച ഉണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
റോഡ് നിർമാണം പൂർത്തിയാകാത്ത പാലത്തിന് സമീപം മുന്നറിയിപ്പ് ബോർഡുകളോ തെരുവു വിളക്കുകളോ ഇല്ലാത്തതും റോഡ് തകർച്ചയും ഇവിടെ നടക്കുന്ന അപകടങ്ങൾക്ക് കാരണമാകുന്നു.
സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 138.5 കോടി രൂപ ചെലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നാലര വർഷമായി. ഇപ്പോഴും പലയിടങ്ങളിലും പണി പാതി വഴിയിൽ കിടക്കുകയാണ്. പൂർത്തീകരിച്ച പല പ്രവൃത്തികളിലും ആക്ഷേപവും പരാതികളും നില നിൽക്കുന്നുണ്ട്. 2023 മാർച്ച് 17ന് ആണ് പഴയ മുണ്ടത്ത് പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ രണ്ട് വർഷത്തോളമായിട്ടും ഇപ്പോഴും പാലം ഗതാഗത യോഗ്യമായിട്ടില്ല. മാനത്ത്മംഗലം ചില്ലീസ് ബൈപ്പാസ് ജംഗ്ഷനും മുണ്ടത്ത് പാലത്തിന് സമീപവും റോഡ് ഗതാഗത യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും വ്യാപാരികളുടേയും നിരന്തരമായ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
