
Perinthalmanna Radio
Date: 04-03-2026
കീഴാറ്റൂർ : രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന കീഴാറ്റൂർ, മേലാറ്റൂർ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം ലക്ഷ്യമാക്കി നിർമിച്ച മണിയാണീരി കടവിലെ സ്ഥിരം തടയണ ഉദ്ഘാടന സജ്ജമായി. കീഴാറ്റൂർ–മേലാറ്റൂർ പഞ്ചായത്തുകളെ വിഭജിക്കുന്ന വെള്ളിയാറിലെ കല്ലടയിലാണ് സ്ഥിരം തടയണ നിർമിച്ചിട്ടുള്ളത്.
സംസ്ഥാന സർക്കാർ 2.30 കോടി രൂപ ചെലവിൽ പുഴയിലെ ഒഴുക്ക് കരിങ്കല്ല് ഉപയോഗിച്ച് തടഞ്ഞു നിർത്തിയാണ് തടയണ നിർമിച്ചിട്ടുള്ളത്. പുഴയിൽ വെള്ളം ഉയർന്നു വരുമ്പോൾ ഒഴുക്കി വിടുന്നതിന് തടയണയിൽ ചീർപ്പ് സംവിധാനം ഉണ്ട്.
നേരത്തെ മണൽചാക്ക് കൊണ്ടു നിർമിച്ച തടയണയാണ് ഉണ്ടായിരുന്നത്. പുഴയിലെ വെള്ളം സമീപത്തെ കോട്ടക്കുന്നിന്റെ മുകളിൽ നിർമിച്ച ജലസംഭരണിയിലേക്ക് പമ്പ് ചെയ്‌ത് നിറയ്ക്കും. അവിടെനിന്ന് പൈപ് വഴി കീഴാറ്റൂർ, ആനപ്പാംകുഴി, ചെമ്മന്തട്ട എന്നീ വാർഡുകളിലെ 530 വീടുകളിലാണ് നിലവിൽ നിത്യവും ജലവിതരണം നടത്തുന്നത്. ഇതിന് പുറമേ മേലാറ്റൂർ പഞ്ചായത്തിലെ 115 വീടുകളിലും ജല വിതരണം നടത്തുന്നുണ്ട്.
സ്ഥിരം തടയണ നിർമിച്ചതോടെ വേനൽകാലത്ത് തടയണയിൽ ജലലഭ്യത ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. തടയണയുടെ നിർമാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം നടന്നിട്ടില്ല. തടയണയിൽ കുളിക്കുന്നത് തടയാനും തടയണയിൽ ചീർപ്പ് ഉയർത്തി സാമൂഹിക വിരുദ്ധർ ജലം പാഴാക്കുന്നത് തടയാനും അധികൃതർ ശ്രദ്ധിക്കുന്നില്ല. തടയണയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അധികൃതർ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
