മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

Share to


Perinthalmanna Radio
Date: 04-04-2026

മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

തിരൂരിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ മന്ത്രി. ‘പണം നഷ്ടപ്പെട്ടത് സർക്കാറിനല്ല, സ്പോൺസർക്കാണ്. തിരൂരിലെ തെരഞ്ഞെടുപ്പിൽ ഇത് തനിക്കെതിരെ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. കൃത്യമായ കരാറുകൾ ഉണ്ടായിട്ടും അർജന്റീന ഫുട്ബാൾ അസോസിയേഷൻ കാണിച്ചത് വലിയ വഞ്ചനയാണ്. കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല, അവരുടെ കുഴപ്പമാണ്. ഫുട്‌ബാൾ പ്രേമികൾ ധാരാളമുള്ള കേരളം പോലൊരു സംസ്ഥാനത്തെ ചതിക്കുകയാണ് അവർ ചെയ്തത്’ -വി അബ്ദുറഹിമാൻ പറഞ്ഞു.

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്‍റീന ടീമും കേരളത്തിലെത്തുമെന്ന് 2024 സെപ്റ്റംബറിലാണ് കായികമന്ത്രി ആദ്യമായി പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ വാർത്തകൾക്കൊടുവിൽ മെസ്സി മാർച്ചിൽ എത്തുമെന്നാണ് അവസാനം മന്ത്രി പറഞ്ഞത്. എന്നാൽ, മാർച്ച് മാസവും കഴിഞ്ഞതോടെ മെസ്സി കേരളത്തിൽ കളിക്കുന്നത് വെറും ദിവാസ്വപ്നമായി. അർജന്റീന ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിരാകരിച്ചതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങളുടെ തുടക്കം.

അന്നുമുതലേ ഒരുപാട് അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ഭീമമായ ചെലവും സാങ്കേതിക കാരണങ്ങളും ചർച്ചയായപ്പോഴെല്ലാം കായികമന്ത്രി തന്‍റെ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. ഒക്ടോബറിൽ കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. ഇതിനായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) പ്രതിനിധികളുമായി കായികമന്ത്രി സ്പെയിലെ മഡ്രിഡിൽ കൂടിക്കാഴ്ചയും നടത്തി. എന്നാൽ, അർജന്‍റീന ടീമിന്‍റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിലെത്തില്ലെന്ന് ഉറപ്പായി.

സ്പോൺസർമാർ പണം കൊടുക്കാത്തതിന് സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നായിരുന്നു അപ്പോൾ മന്ത്രിയുടെ പ്രതികരണം.ഒക്ടോബറിൽ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായും 2026ൽ വരാമെന്ന വാഗ്ദാനം സ്പോൺസർമാർ നിരസിച്ചതായും പിന്നീട് മന്ത്രി പറഞ്ഞു. കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷനും പറഞ്ഞു. പിന്നാലെ, മെസ്സി ഉള്‍പ്പെടുന്ന ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷന്‍തന്നെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്കിൽ കുറിച്ചു. ഇതോടെ സ്പോൺസറായിരുന്ന റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി വലിയ പ്രചാരണം നടത്തുകയും കൊച്ചി കലൂർ സ്റ്റേഡിയത്തിൽ പണി തുടങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെക്കാൻ എ.എഫ്.എയുമായുള്ള ചർച്ചയിൽ ധാരണയായെന്ന് സ്പോൺസർ പറഞ്ഞു. അതോടൊപ്പം അടുത്ത മാർച്ചിൽ കളിക്കുമെന്നും സ്പോൺസർ പ്രഖ്യാപിച്ചു. അതും ഉണ്ടായില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *