
Perinthalmanna Radio
Date: 04-05-2024
പെരിന്തൽമണ്ണ : ബംഗാൾ സ്വദേശി പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ടത് സ്ത്രീയുടെ നഗ്ന വീഡിയോ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തതിന്റെ വിരോധത്താലെന്ന് പോലീസ്. അതേ നാട്ടുകാരായ ദമ്പതിമാർ കേസിൽ അറസ്റ്റിലായി.
പെരിന്തൽമണ്ണ ഗാന്ധിനഗറിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സൗത്ത് 24 പർഗാനാസ് ഹരിപുർ സ്വദേശി ദീപാങ്കർ മാജി (38) കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ ബംഗാളിൽ അറസ്റ്റ് ചെയ്തത്. പുറത്തുനിന്ന് പൂട്ടിയ മുറിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപാങ്കർ മാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിലെത്തിയ പെരിന്തൽമണ്ണ പോലീസ് സംഘം കോടതിയുടെ അനുമതിയോടെ പ്രതികളെ വ്യാഴാഴ്ച പെരിന്തൽമണ്ണയിൽ എത്തിച്ചു.
പോലീസ് പറയുന്നത്: കൊല്ലപ്പെട്ട ദീപാങ്കർ മാജിയുടെ നാട്ടുകാരായ ദമ്പതിമാർ ഒരു കുട്ടിയുമൊന്നിച്ച് ഇടയ്ക്കിടെ ഇയാളുടെ മുറിയിലെത്താറുണ്ടായിരുന്നു. ഇവർ പെരിന്തൽമണ്ണയിൽ മറ്റൊരിടത്താണ് താമസിച്ചിരുന്നത്. ഇതിനിടെ ദമ്പതിമാരിൽ, ഭാര്യയുടെ നഗ്നവീഡിയോ ദീപാങ്കർ ഫോണിൽ എടുത്തു. അതു കാണിച്ച് പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു. ഇതിലെ വിരോധം വെച്ച് ദീപാങ്കറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഭർത്താവ് പല ദിവസങ്ങളിലായി വാങ്ങിയ ഉറക്കഗുളികകളുമായി 26-ന് യുവതി ദീപാങ്കർ താമസിക്കുന്നിടത്തെത്തി. സൗഹൃദം നടിച്ച് ഇയാളറിയാതെ ഉറക്കഗുളിക വെള്ളത്തിൽ കലർത്തി നൽകി. മയക്കിക്കിടത്തിയശേഷം ഭർത്താവിനെ വിളിച്ചുവരുത്തി. രണ്ടുപേരും ചേർന്ന് തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീപാങ്കറിന്റെ ഫോണുമെടുത്ത് മുറി പൂട്ടി നാട്ടിലേക്ക് പോയി.
ഇവർ 26-ന് ദീപാങ്കറിന്റെ വീട്ടിലെത്തി എന്ന സാക്ഷിമൊഴിയാണ് കേസിൽ വഴിത്തിരിവായത്. കൊലപാതകത്തിനുശേഷം 28-ന് ഉച്ചയോടെയാണ് ദീപാങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തിൽ ഇരുവരും അവരുടെ താമസസ്ഥലത്തില്ലെന്നും രണ്ടു ദിവസം മുൻപ് പോയതായും വ്യക്തമായി. ഫോണുകളുടെ ടവർ ലൊക്കേഷൻ കാണിച്ചത് ബംഗാളിലായിരുന്നു. തുടർന്ന് ബംഗാൾ പോലീസിനെ സമീപിച്ചു. പ്രതികളായ ദമ്പതിമാരെ അവർ തടഞ്ഞുവെയ്ക്കുകയും 30-ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ. സി.എസ്. രമേശ്, എ.എസ്.ഐ. അനിത, സി.പി.ഒ. കൃഷ്ണപ്രസാദ് എന്നിവരാണ് ബംഗാളിലെത്തി പ്രതികളെ കൊണ്ടുവന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
