
Perinthalmanna Radio
Date: 04-06-2025
എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകാത്തതിനാൽ സംസ്ഥാന സിലബസിൽ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ്‌വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം. അപേക്ഷകർ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്. അതു കിട്ടാത്തതാണു പ്രശ്നം.
മുൻ വർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുമായിരുന്നു. സിബിഎസ്ഇ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽനിന്ന് ഡൗൺലോഡ് ചെയ്യാമായിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റിൽ പേരും ജനനത്തീയതിയും വിവിധ വിഷയങ്ങളിലെ ഗ്രേഡും രക്ഷിതാവിന്റെ പേരും മാത്രമാണുള്ളത്.
ഡിജി ലോക്കറിൽ ലഭിക്കുന്നത് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ തനിപ്പകർപ്പാണ്. എസ്‌സി, എസ്ടി, ഒഇസി ഒഴികെയുള്ള സംവരണ വിഭാഗങ്ങൾക്ക് ജാതി തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതി. ആദ്യ അലോട്‌മെന്റ് പ്രവേശനം വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ്. വില്ലേജ് ഓഫീസിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ വാങ്ങുമ്പോഴേക്കും പ്രവേശനത്തിനുള്ള സമയപരിധി കഴിയും.
വിദ്യാർഥി താമസിക്കുന്ന തദ്ദേശസ്ഥാപന പരിധിയിലെ സ്കൂളിൽ അപേക്ഷിക്കുമ്പോൾ രണ്ടു ബോണസ് പോയിന്റ് ലഭിക്കും. അതേ താലൂക്കാണെങ്കിൽ ഒരു പോയിന്റും. സർക്കാർ, എയ്ഡഡ് സ്‌കൂളുകളില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ താമസക്കാർ അതേ താലൂക്കിലെ സ്കൂളിൽ അപേക്ഷിക്കുകയാണെങ്കിൽ രണ്ടു ബോണസ് പോയിന്റിന് അർഹതയുണ്ട്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഈ വിവരങ്ങളെല്ലാമുണ്ട്. അതിനാൽ, സംസ്ഥാന സിലബസിൽ പഠിച്ചവർ ഈ രേഖകൾക്കായി പ്രത്യേകം സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലായിരുന്നു. ബോണസ് പോയിന്റിന് അർഹമാക്കുന്ന രേഖകളുടെ അസൽ, പ്രവേശനസമയത്ത് നിർബന്ധമായും ഹാജരാക്കണമെന്നാണു ചട്ടം. രേഖകൾ ഹാജരാക്കത്തവർക്ക് പ്രവേശനം നൽകുന്നത് നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാൽ തങ്ങൾ പ്രതിസന്ധിയിൽ ആകുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
