
Perinthalmanna Radio
Date: 04-07-2025
മലപ്പുറം: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 5,052 പേർ അലോട്മെന്റ് ലഭിക്കാതെ പുറത്തായി. 8,174 പേർക്കാണ് അലോട്മെന്റ് ലഭിച്ചത്.
ആകെയുള്ള 8,742 സീറ്റുകളിലേക്ക് 13,308 പേരാണ് അപേക്ഷിച്ചത്. ഇതിൽ 13,226 പേരുടെ അപേക്ഷകളാണ് അലോട്മെന്റിനു പരിഗണിച്ചത്. 82 അപേക്ഷകൾ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടു. ഇനി രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് 568 സീറ്റുകളാണ് ഒഴിവുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിച്ചത് ജില്ലയിലാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്തതും ജില്ലയിലാണ്. ജില്ലയിലെ അപേക്ഷകരിൽ 1,807 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്. ഇവരെ ഒഴിവാക്കിയാലും മൂവായിരത്തിലധികം കുട്ടികളാണ് പ്രവേശനം ലഭിക്കാത്തവരായുള്ളത്.
അലോട്മെന്റ് ലഭിച്ചവർക്ക് ഇന്നു രാവിലെ 10 മുതൽ 8ന് വൈകിട്ട് 4 വരെ പ്രവേശനം നേടാം. അഡ്മിഷൻ പോർട്ടലിൽനിന്ന് (www.hscap.kerala.gov.in) അലോട്മെന്റ് സ്ലിപ് പ്രിന്റെടുത്ത് പ്രവേശനം ലഭിച്ച സ്കൂളിൽ പോയി ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. ഒന്നാം സപ്ലിമെന്ററി അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നതിന് 9ന് രാവിലെ ഒഴിവുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും. അന്നു മുതൽ 11 വരെ അപേക്ഷ നൽകാം. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം 16ന് പ്രസിദ്ധീകരിക്കും. ഇതിനു ശേഷമാണ് മെറിറ്റ് ക്വോട്ടയിൽ പ്രവേശനം ലഭിച്ചവരുടെ ട്രാൻസ്ഫർ അലോട്മെന്റ് നടത്തുക. ഇത് 19 മുതൽ 21 വരെ നടക്കും. ട്രാൻസ്ഫർ അലോട്മെന്റിനു ശേഷം വരുന്ന ഒഴിവുകൾ പ്രസിദ്ധീകരിച്ച് ഇതിലേക്കു സ്പോട്ട് അഡ്മിഷൻ നടത്തും. ഇതോടെ പ്രവേശന നടപടികൾ പൂർത്തിയാക്കും
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
