
Perinthalmanna Radio
Date: 04-08-2025
പെരിന്തൽമണ്ണ: സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന പെരിന്തൽമണ്ണ വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാവും. വില്ലേജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമിക്കും.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.15 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
നിലവിലെ വില്ലേജ് ഓഫിസിന് എതിർ വശത്ത് സബ് കലക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപം റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫിസ് കെട്ടിടം ഉയരുന്നത്. സ്ഥലപരിമിതി വില്ലേജ് ഓഫിസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. സൗകര്യക്കുറവ് ഉദ്യോഗസ്ഥർക്കും ഓഫീസിലെത്തുന്ന നാട്ടുകാർക്കും ബുദ്ധിമുട്ടാവുന്നതുമൂലം വലിയ പരാതി ഉയർന്നിരുന്നു. തുടർന്നാണ് എംഎൽഎ മുൻകയ്യെടുത്ത് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. നജീബ് കാന്തപുരം എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. കലക്ടർ വി.ആർ.വിനോദ്, സബ് കലക്ടർ അപൂർവ ത്രിപാഠി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, എഡിഎം.എൻ.എം.മെഹറലി, നഗരസഭ കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, ജാഫർ പത്തത്ത്, മൻസൂർ നെച്ചിയിൽ, ഹുസൈന നാസർ, ശ്രീജിഷ, കൃഷ്ണപ്രിയ, സീനത്ത്, പ്രവീൺ, ഹുസൈൻ റിയാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബഷീർ നാലകത്ത്, എ.ആനന്ദൻ, ടി.കെ.രാജേന്ദ്രൻ,, മാനുപ്പ കുറ്റീരി, തഹസിൽദാർ എ.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
