
Perinthalmanna Radio
Date: 03-09-2025
പെരിന്തൽമണ്ണ : ഇന്ന് ഉത്രാടപ്പാച്ചിൽ, നാളെ കാത്തുകാത്തിരുന്ന തിരുവോണം. അത്തം തുടങ്ങിയുള്ള 10 ദിവസങ്ങളിലും ഓണം ആഘോഷമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. ഓണാഘോഷത്തിന്റെ ഒൻപതാം നാൾ. ഓണസദ്യയൊരുക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലായിരിക്കും ഇന്നു നാടും നഗരവും. ഓണത്തിന്റെ ആരവവും പൂവിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഉത്രാടം. ഉത്രാട നാളിൽ വീട്ടുമുറ്റങ്ങളിൽ അരിമാവണിയിച്ചൊരുക്കുന്ന തൃക്കാക്കരയപ്പന്മാരുടെയും ഓണത്തപ്പന്മാരുടെയും സ്ഥാനം മിക്കയിടത്തും പൂക്കളങ്ങൾ കയ്യടക്കിയിട്ടുണ്ട്. പൂവിളികളുടെ അലയൊലി കുറഞ്ഞെങ്കിലും ഓണത്തിന്റെ പകിട്ട് ഇത്തവണയും ഒട്ടും കുറഞ്ഞിട്ടില്ല.
ഒരു രാവിനപ്പുറം തിരുവോണത്തെ വരവേൽക്കാൻ എങ്ങും ഒരുക്കങ്ങളാണ്. റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ആവേശത്തിന്റെ തിരക്കുണ്ട്. ഓണവിഭവങ്ങൾ സംഘടിപ്പിക്കാനുള്ള തന്ത്രപ്പാടിലായിരിക്കും ഇന്ന് എല്ലാവരും. മിക്കയിടങ്ങളിലും ഓണാഘോഷ പരിപാടികളും ഇന്നു മുതൽ കളറാകും.
പുത്തരിച്ചോറ് അടങ്ങിയ ഉത്രാട സദ്യയും ഇന്ന് വിശേഷം. ഇന്ന് രാത്രിയിലെ ഓണനിലാവ് മലയാളിയുടെ ഹൃദയത്തിലേക്ക് കൂടിയാണ് തിരുവോണത്തിന്റെ നിലാവെളിച്ചം പകരുന്നത്. ഓണക്കോടികൾക്കും സദ്യയ്ക്കുള്ള പച്ചക്കറി–പലവ്യഞ്ജനങ്ങൾക്കുമായി അവസാനവട്ട ഓട്ടത്തിലാണ് എല്ലാവരും. ഇന്നലെ മുതൽ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന ക്കടകളിലും തെരുവു കച്ചവട സ്ഥാപനങ്ങളിലും വലിയ തിരക്കുണ്ട്. പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്കും രൂക്ഷമാണ്.
നാട്ടിൽ പുറങ്ങളിൽ പൂക്കൾ കുറഞ്ഞതോടെ പൂവിപണികളിലും ഇന്നലെ മുതൽ പതിവിനേക്കാളേറെ തിരക്കുണ്ട്. പല ടൗണുകളിലും ഗ്രാമീണ അങ്ങാടികളിലും പഴം, പച്ചക്കറി, പൂക്കൾ ഉൾപ്പെടെ അന്യ സംസ്ഥാനത്ത് നിന്ന് ഇറക്കി റോഡരുകുകളിൽ കച്ചവടക്കാർ ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണ ഓണ വിപണിയിൽ സാധനങ്ങൾക്ക് താരതമ്യേന വില കൂടുതലായണെങ്കിലും പച്ചക്കറിക്കും മറ്റ് പലവ്യഞ്ജന സാധനങ്ങൾക്കും വില അൽപം കുറഞ്ഞിട്ടുണ്ട്.
കുടുംബശ്രീയുടെയും കൃഷിഭവനുകളുടെയും മറ്റും നേതൃത്വത്തിൽ ഒരുക്കിയ നാടൻ ജൈവ പച്ചക്കറി വിൽപന കേന്ദ്രങ്ങളോടാണ് ജനങ്ങൾക്ക് കൂടുതൽ താൽപര്യം. ടൗണുകളിലെല്ലാം തിരക്ക് കൂടിയ സാഹചര്യത്തിൽ പൊലീസ് സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
