
Perinthalmanna Radio
Date: 04-10-2024
മലപ്പുറം : ജില്ലയിലെ മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡിലുൾപ്പെട്ട 15,04,675 പേർ ഇനിയും ഇ-കെവൈസി മസ്റ്ററിങ് പൂർത്തിയാക്കിയില്ല. 18,52,729 പേരാണ് പിങ്ക് കാർഡിലുൾപ്പെട്ടിട്ടുള്ളത്. ഇവരിൽ 4,78,636 പേർ മാത്രമാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. മഞ്ഞ കാർഡുകളിൽ ൾപ്പെട്ട 207380 പേരിൽ 76798 പേരേ മസ്റ്ററിങ് നടത്തിയിട്ടുള്ളൂ. സൗജന്യ റേഷൻ വാങ്ങുന്നവരുടെ ഇ-കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കി റേഷൻവിഹിതം നഷ്ടപ്പെടാതിരിക്കാനാണ് മസ്റ്ററിങ്.
റേഷൻ കാർഡുകളിൽ പേരുള്ള മുഴുവൻ ആളുകളും റേഷൻ കാർഡും ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽപതിക്കണം. റേഷൻ കടകളിൽ എത്താൻ കഴിയാത്ത കിടപ്പു രോഗികൾക്കും ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്കും അവരവരുടെ വീടുകളിലെത്തി ഇ-മസ്റ്ററിങ് നടത്തും.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വിരൽ പതിപ്പിച്ച് റേഷൻ സാധനങ്ങൾ വാങ്ങിയവർ വീണ്ടും മസ്റ്ററിങ് ചെയ്യേണ്ട. ഒക്ടോബർ എട്ടു വരെയാണ് മുൻഗണനാ വിഭാഗത്തിന്റെ മസ്റ്ററിങ്.
മസ്റ്ററിങ് നടത്തിയോ, പരിശോധിക്കാം
മസ്റ്ററിങ് നടത്തിയിട്ടുണ്ടോ എന്നറിയാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്സൈറ്റിൽ റേഷൻകാർഡ് നമ്പർ കൊടുത്തു പരിശോധിക്കാം. നമ്പർ നൽകിയാൽ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേരും വിവരങ്ങളും ലഭ്യമാകും. മസ്റ്ററിങ് നടത്തിയ അംഗത്തിന്റെയും പേരിനു നേരെ വലതു ഭാഗത്ത് ഇ-കെവൈസി സ്റ്റാറ്റസ് ഡൺ എന്നായിരിക്കും. നോട്ട് ഡൺ എന്നാണെങ്കിൽ നിർബന്ധമായും റേഷൻകടകളിൽ നേരിട്ടെത്തി യന്ത്രത്തിൽ വിരൽപതിക്കണം. കുടുംബാംഗങ്ങൾക്ക് സൗകര്യപ്രദമായി ഒരുമിച്ചോ അല്ലാതെയോ മസ്റ്ററിങ് ചെയ്യാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
