
Perinthalmanna Radio
Date: 04-11-2025
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിലേക്കും ഏലംകുളം, പുലാമന്തോൾ, അങ്ങാടിപ്പുറം എന്നീ പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം നടത്തുന്നതിനായി പൂർത്തിയാക്കിയ രാമഞ്ചാടി കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്ലാവർക്കും എല്ലായിടത്തും ശുദ്ധജലം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി 2017-18 പദ്ധതിയിൽ ഉൾപ്പെടുത്തി 92.52 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഏലംകുളം പഞ്ചായത്തിലെ രാമഞ്ചാടിയിൽ 10 മീറ്റർ വ്യാസമുള്ള കിണർ, അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള പമ്പുഹൗസ്, അലിഗഢ് യൂണിവേഴ്‌സിറ്റി കാമ്പസിൽ 23 എംഎൽഡി (മില്ല്യൺ ലിറ്റർ പെർ ഡേ) ശേഷിയുള്ള ശുദ്ധീകരണശാല, 12 ലക്ഷം ലിറ്റർ സംഭരണി, പമ്പുസെറ്റ്, ട്രാൻസ്‌ഫോർമർ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ നഗരസഭാ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനായി. പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷൻ പി. ഷാജി, അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുൻ ഡയറക്ടർ ഡോ. ഫൈസൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. സുധീർ ബാബു, പി. സൗമ്യ, നഗരസഭാ ഉപാധ്യക്ഷ എ. നസീറ, വാർഡ് കൗൺസിലർ പി. തസ്‌നീമ, മലപ്പുറം കേരള വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എസ്. സത്യ വിൽസൺ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
